ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം ലീഗ് ബലിയാടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി
കുറ്റപത്രം നല്‍കാറായ കേസില്‍ അറസ്റ്റ് കേട്ടുകേഴ്‌വിയില്ലാത്തതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് :പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതവും നാണംകെട്ട നടപടിയുമെന്ന് മുസ്ലിം ലീഗ്. കുറ്റപത്രം നല്‍കാറായ കേസില്‍ അറസ്റ്റ് കേട്ടുകേഴ്‌വിയില്ലാത്തതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കം ലീഗ് തുറന്നുകാട്ടും. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നടപടി സര്‍ക്കാരിനെ തിരിച്ചടിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു
പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു,മലപ്പുറം ലീഗ് ഹൗസില്‍ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ ലിഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ നിലവില്‍ അറസ്റ്റിലാണ്. അതിനിടെയാണ് ഇന്ന് ഇബ്രാഹിംകുഞ്ഞും അറസ്റ്റിലാകുന്നത്.
മറ്റൊരു എംഎല്‍എ കെഎം ഷാജിയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.
10.28 ന് ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ വനിതാപൊലീസിനെയടക്കം വരുത്തി വിജിലന്‍സ് സംഘം വീട് പരിശോധിച്ചു. മുന്‍കൂര്‍ ജാമ്യത്തിനും ഇബ്രാഹിംകുഞ്ഞ് നീക്കം തുടങ്ങി. എന്നാൽ ആശുപത്രിയിലെത്തിയ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.