ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ട്: സിബി മാത്യൂസ്

1996ൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായി. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും-മുന്‍ കേരള ഡിജിപി കൂടിയായ സിബി മാത്യൂസ് വ്യക്തമാക്കി.

0

തിരുവനന്തപുരം: ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയത്.

ചാരക്കേസ് സത്യമായിരുന്നുവെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. കോടതി എടുത്തുചോദിച്ചപ്പോഴും നിലപാട് ആവര്‍ത്തിച്ചു. ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്നും ഹര്‍ജിയില്‍ പറയുന്നു.1996ൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായി. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും-മുന്‍ കേരള ഡിജിപി കൂടിയായ സിബി മാത്യൂസ് വ്യക്തമാക്കി. ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർബി ശ്രീകുമാറിന്റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. വിദേശവനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദിക്കുന്നു.

അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ അഭിഭാഷകന്‍ ജെയിന്‍ കമ്മറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ ജില്ലാ കോടതിക്കു നല്‍കാമെന്ന് അറിയിച്ചു.രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് തങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയതെന്നും ഇതില്‍ ഗൂഢാലോചനയില്ലെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.

ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റുചെയ്തത്. തുടര്‍ന്നാണ്, ഐ.എസ്.ആര്‍.ഒ.യിലെ ഉന്നത ശാസ്ത്രജ്ഞരുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യം ബോധ്യമായത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ബെംഗളൂരു സ്വദേശി ചന്ദ്രശേഖരനുമായും ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ശശികുമാറുമായും ഫൗസിയ ഹസന് അടുത്തബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ആര്‍മി ക്‌ളബ്ബില്‍ മറിയം റഷീദയും ഫൗസിയ ഹസനും സ്‌ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍. ഭാസിനെ കണ്ടിരുന്നു. ഇക്കാര്യം അന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ടുചെയ്തില്ല. മാധ്യമങ്ങള്‍ രമണ്‍ ശ്രീവാസ്തവയുടെ പിറകിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചതും ഐ.ബി. ഉദ്യോഗസ്ഥരാണെന്നും സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.

You might also like

-