‘ഐ ലവ് കെജ്രിവാള്’ സ്റ്റിക്കര്‍ പതിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 10,000 പിഴ ; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി
ആം ആദ്മി പാര്‍ട്ടിയെയും കേജരിവാളിനെയും പിന്തുണച്ചുക്കൊണ്ടുള്ള പരസ്യം പതിച്ചെന്നാരോപിച്ചായിരുന്നു പിഴ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഓട്ടോറിക്ഷയില്‍ ‘ഐ ലവ് കെജ്രിവാള്’ സ്റ്റിക്കര്‍ പതിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 10,000 രൂപയുടെ ചലാന്‍ പിഴയടക്കണമെന്നാവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍ക്കാര്‍, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ മാര്‍ച്ച് മൂന്നിനാണ് വീണ്ടും വാദം കേള്‍ക്കുന്നത്.
ജനുവരി 15ന് അപ്പോളോ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് രാജേഷ് എന്നയാളുടെ ഓട്ടോ ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്. പിഴ ചുമത്തിയതിനെതിരെ രാജേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയെയും കേജരിവാളിനെയും പിന്തുണച്ചുക്കൊണ്ടുള്ള പരസ്യം പതിച്ചെന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയതെന്നും പരാതിയില്‍ പറയുന്നു.
മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനാണ് പിഴ ശിക്ഷയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പ്രതികരിച്ചത്. എന്നാല്‍ ഒരു വ്യക്തി കാശുമുടക്കി പോസ്റ്റര്‍ പതിച്ചത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നു രാജേഷിന്റെ അഭിഭാഷകന് വാദിച്ചു. 2018ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശവും അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.