എം എം മണി ഉദ്ദേശിച്ച സൂക്കേട് എനിക്കില്ല. ഉണ്ടായിട്ടില്ല കെ കെ ശിവരാമന്‍
എനിക്ക് പലതരം അസുഖം ഉണ്ട്, ഞരമ്പിന്റെ അസുഖമുണ്ട്, ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗമുണ്ട്. ഒന്നൊന്നര കൊല്ലമായി ചികിത്സയിലാണ്. എം എം മണി ഉദ്ദേശിച്ച സൂക്കേട് എനിക്കില്ല. ഉണ്ടായിട്ടില്ല' ശിവരാമന്‍ പറഞ്ഞു. എം എം മണിയ്ക്കെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ല
ഇടുക്കി| മൂന്നാറിലേക്ക് ദൗത്യസംഘത്തെ നിയമിച്ചതുമായി ബന്ധപ്പെട്ട എം എം മാണി കെ കെ ശിവരാമൻ വാക്പോര് തുടരുന്നതിനിടയില്‍ സിപിഐഎം നേതാവ് എം എം മണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് സിപിഐ നേതാവ് കെ കെ ശിവരാമന്‍. ശിവരാമന് എന്തിന്റെ അസുഖമാണെന്ന എം എം മണിയുടെ പരാമര്‍ശത്തിനെതിരെയാണ് കെ കെ ശിവരാമന്‍ പ്രതികരണം. ‘എനിക്ക് പലതരം അസുഖം ഉണ്ട്, ഞരമ്പിന്റെ അസുഖമുണ്ട്, ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗമുണ്ട്. ഒന്നൊന്നര കൊല്ലമായി ചികിത്സയിലാണ്. എം എം മണി ഉദ്ദേശിച്ച സൂക്കേട് എനിക്കില്ല. ഉണ്ടായിട്ടില്ല’ ശിവരാമന്‍ പറഞ്ഞു. എം എം മണിയ്ക്കെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ എന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ്@ എന്‍കൗണ്ടര്‍ പരിപാടിയില്‍ ശിവരാമന്‍ പറഞ്ഞു.
‘മൂന്നാര്‍ ദൗത്യസേന വീണ്ടും വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ കൈവെട്ടും കാലുവെട്ടും ചെവിവെട്ടും എന്നൊക്കെയായിരുന്നു എം എം മണി പ്രതികരിച്ചത്. അത് സംബന്ധിച്ച് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ആ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിനെ വെറളിപിടിപ്പിക്കാനുള്ള യാതൊന്നും ഉണ്ടായിരുന്നില്ല. ഇത് 2007 അല്ല 2023 ആണ്. അന്ന് സഖാവ് വി എസ് ആണ് മുഖ്യമന്ത്രി, ഇന്ന് സഖാവ് പിണറായി ആണ് മുഖ്യമന്ത്രി. വെറുതെ നിരപരാധികളുടെ ഭൂമി കയ്യേറി പിടിച്ചെടുക്കത്തില്ലല്ലോ, അങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇടപെടാന്‍ കഴിയുമല്ലോ, കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഒരേ നിലപാടാണ്, അഭിപ്രായമാണ്.
കഴിഞ്ഞ പതിനാറ് വര്‍ഷം ഈ ജില്ലയിലെ സിപിഐ സെക്രട്ടറിയായിരുന്നു. 16 വര്‍ഷം എടുത്ത നിലപാടുണ്ട്. കയ്യേറ്റം അത് തടയപ്പെടേണ്ടത് തന്നെയാണ്. നമ്മുടെ ജില്ലയില്‍ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഒരുപാട് മനുഷ്യര്‍ ഉണ്ട്. കര്‍ഷകരുണ്ട്, തോട്ടം തൊഴിലാളികളുണ്ട്. അവര്‍ക്കൊരു കൂരവെക്കാനുള്ള.ഭൂമി നമ്മുടെ ജില്ലയില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. അങ്ങനെ ചെയ്യണം എന്ന് പറയുന്നത് എന്തെങ്കിലും സൂക്കേടാണെന്ന് ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആണ് പറയേണ്ടത്. എനിക്കറിയില്ല’, ശിവരാമന്‍ പറഞ്ഞു. റവന്യുവകുപ്പ് എം എം മണിയെ ഏല്‍പ്പിച്ചാല്‍ ശരിയാക്കിതരാം എന്ന പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘പിണറായിയോട് പറയട്ടേ അത്, എന്നോട് പറഞ്ഞിട്ട് കാര്യമില്ലെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദൗത്യ സംഘം വരുന്നു എന്ന് പറയുമ്പോള്‍ എം എം മണിയ്ക്ക് എന്തുകൊണ്ടാണ് പരിഭ്രമം എന്ന് അറിയില്ല. നമ്മുടെ ജില്ലയില്‍ തന്നെ കയ്യേറ്റമില്ലാ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ജില്ലയില്‍ കയ്യേറ്റം ഉണ്ട് എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാട്. മൂന്നാര്‍ എന്ന് പറയുന്നത് മൂന്നാര്‍ ടൗണ്‍ അല്ല ഉദ്ദേശിക്കുന്നത്. ചുറ്റുവട്ടത്തുമുള്ള പഞ്ചായത്തുകളുമാണ്. ആ പഞ്ചായത്തുകളിലെ കയ്യേറ്റത്തെ സംബന്ധിച്ച് നേരത്തെ തന്നെ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുമുണ്ട്. ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദൗത്യംഘത്തെ നിയോഗിക്കും എന്ന് പറഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിനനുസരിച്ച് ദൗത്യ സേന വരട്ടെ. പഴയതുപോലെ കരിം പൂച്ചകള്‍ ഇല്ല. ജില്ലാ കളക്ടറുടെ ചുമതലയിലുള്ള നാലോ അഞ്ചോ ഉദ്യോഗസ്ഥരായിരിക്കുമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
ഭൂമിയുടെ പരിശോധനയാണ് അവര്‍ ആദ്യം ചെയ്യാന്‍ പോകുന്നത്. പട്ടയമുണ്ടോ, വ്യാജമാണോ തുടങ്ങിയ പരിശോധനയാണ്. ആ പരിശോധനയ്ക്ക് ശേഷമേ ഒഴിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. അതില്‍ തോക്കില്‍ കയറി വെടിവെക്കേണ്ട ആവശ്യമില്ലെന്നും ശിവരാമന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഇല്ലാത്ത അധികം കയ്യേറ്റങ്ങള്‍ ജില്ലയില്‍ ഉണ്ട്. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ വട്ടവട പഞ്ചായത്തില്‍ നൂറ് കണക്കിന് ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നവരുണ്ട്. വട്ടവട പഞ്ചായത്തിലെ കുറിഞ്ഞി സെന്‍സറിക്കുള്ളില്‍ കയ്യേറിയിട്ടുണ്ട്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 2018ല്‍ 200 ഏക്കര്‍ ഭൂമി കയ്യേറി കുരിശുവെച്ച സംഭവം ഉണ്ടായി. അന്ന് റവന്യൂവകുപ്പ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നേരിട്ടിടപ്പെട്ട് കയ്യേറ്റം ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് ശക്തമായ വാദവുമായി രംഗത്തുവന്നവരില്‍ ഒരാളാണ് സഖാവ് എം എം മണി. ചിന്നക്കനാലില്‍ കുരിശ് നാട്ടിയ സംഭവം എം എം മണിക്കെതിരായ ആരോപണമല്ല, വസ്തുതയാണ്. കുരിശ് തൂക്കിയത് ഒരു കര്‍ഷകനാണെന്നും അത് കയ്യേറ്റമല്ലെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ഞാന്‍ പറഞ്ഞത് , ഭൂപരിഷ്‌കാര നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയ്ക്ക് പരിധിയുണ്ട്. അതിനൊക്കെ എത്രയോ മടങ്ങാണ് ആ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നത്. അപ്പോഴാണ് ഒഴിപ്പിച്ചത്. നൂറ് കണക്കിന് ഭൂമി കൈവശം വെക്കാന്‍ കേരളത്തില്‍ ഒറു വ്യക്തിക്കോ കുടുംബത്തിനോ അവകാശമുണ്ടോ. അതാണ് ചൂണ്ടിക്കാണിച്ചതെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.