“ഞാൻ പലസ്തിൻനൊപ്പം ” ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ

എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

0

തിരുവനന്തപുരം| ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും വിമര്‍ശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ ‘ഇസ്രയേല്‍ മാല’ പാടിയതെന്നും ജലീല്‍ പറഞ്ഞു

അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.

ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയെന്ന ശശി തരൂര്‍ എം പിയുടെ പരാമര്‍ശം അതേവേദിയിൽ തിരുത്തി മുസ്ലിം ലീഗ് നേതാക്കള്‍. ഇസ്രായേലില്‍ ഒക്ടോബര്‍ 7ന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തരൂര്‍ പറഞ്ഞത്. തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എംപിയും എം കെ മുനീര്‍ എംഎല്‍എയും ഈ പരാമര്‍ശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും പറഞ്ഞു.

ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 വ്യക്തികളെ കൊന്നുവെന്നായിരുന്നു തരൂര്‍ പറഞ്ഞത്. 200 പേരെ അവര്‍ ബന്ദികളാക്കി. അതിന്റെ മറുപടിയായി 6000 പേരെ കൊന്നു കഴിഞ്ഞിട്ടും ബോംബിടല്‍ നിര്‍ത്തിയിട്ടില്ല. ഇസ്രായേലില്‍ ഭീകരവാദികള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോള്‍ ലോകം അപലപിച്ചതാണ്. അതേ രീതിയില്‍ ഇസ്രായേല്‍ ബോംബിങ്ങിനെയും നാം അപലപിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

You might also like

-