മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനനം പൂർത്തിയാക്കാൻ എത്രകാലം വേണം സുപ്രിം കോടതി

ജലനിരപ്പ്​ 142 അടിയായി നിജപ്പെടുത്തിയ 2014ലെ വിധി പുനഃപരിശോധിക്കേണ്ട സാചര്യമെന്തെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 2017 മുതലുള്ള കാലാവസ്ഥാമാറ്റം കണക്കിലെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.

0

ഡല്‍ഹി | മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കുന്നതു മായി ബന്ധപ്പെട്ട നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീം കോടതി. പരിസ്ഥിതി ആഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് മാത്രമാണ് കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ഒരേയൊരു പരിഹാരമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ ഇന്ന് അന്തിമ വാദം ആരംഭിച്ചപ്പോഴാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. ജലം തുറന്നുവിടുന്ന കാര്യത്തിൽ സംയുക്ത സമിതി രൂപീകരണം സാധ്യമല്ലേയെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. മേൽനോട്ട സമിതി തീരുമാനങ്ങളിൽ കേരളവും തമിഴ്നാടും തമ്മിലുള്ള സമവായം പരിഗണിക്കണമെന്നും​ സുപ്രീംകോടതി നിർദേശിച്ചു.

ജലനിരപ്പ്​ 142 അടിയായി നിജപ്പെടുത്തിയ 2014ലെ വിധി പുനഃപരിശോധിക്കേണ്ട സാചര്യമെന്തെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 2017 മുതലുള്ള കാലാവസ്ഥാമാറ്റം കണക്കിലെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. മഴ പെയ്യുന്നതിന്റെ പാറ്റേൺ പുതിയ സാഹചര്യമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ മഹാദുരന്തമുണ്ടാകും.തമിഴ്നാടിന് ജലവും, കേരളത്തിന് സുരക്ഷയും എന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കാണ് തമിഴ്നാട് ഊന്നൽ നൽകുന്നതെന്നും, അതുവഴി ജലനിരപ്പ് ഉയർത്താനാണ് ശ്രമമെന്നും കേരളം അറിയിച്ചു.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.നിലവിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണ്. 2018-ല്‍ കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയങ്ങള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാ വിഷയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ച് പഠനം പുരോഗമിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ പഠനം പൂര്‍ത്തിയാകാന്‍ ആവശ്യമായ സമയം എത്രയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ കേരളത്തോട് ആരാഞ്ഞു. ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരിസ്ഥിതി ആഘാത പഠനം അന്തിമ ഘട്ടത്തത്തിലാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാങ്കേതിക അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റൂള്‍ കെര്‍വ്വ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവരാണ് ഹാജരായത്. കേരളത്തിന്റെ വാദം നാളെ അവസാനിക്കും. തമിഴ്നാടിന്റെ വാദം അടുത്ത ആഴ്ച്ച നടക്കാനാണ് സാധ്യത. ജസ്റ്റിസ് മാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.അണകെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാളെയും സുപ്രീം കോടതിയില്‍ വാദം തുടരും.

You might also like

-