‘ ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും’ മണിപ്പൂർ കലാപം കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു സുപ്രിം കോടതി

"ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു

0

ഡൽഹി | മണിപ്പൂർ കലാപം കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു സുപ്രിം കോടതി മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി.”ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.കേന്ദ്രം നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.മണിപ്പൂർ പൊലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു .ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
6ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ അതിജീവിതമാരുടെ പേര് ഉള്‍പ്പെട്ടത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഇതേ തുടര്‍ന്ന് പട്ടിക പുറത്ത് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എഫ്ഐഅര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതും കോടതി ചൂണ്ടിക്കാണിച്ചു. ഈ വീഴ്ച വ്യക്തമാക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എഫ്‌ഐആര്‍ ഇടുന്നതില്‍ വന്ന വീഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ കോടതി ഇന്നും ആവര്‍ത്തിച്ചു. എന്നാണ് സീറോ എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്തത്?, എന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന ചോദ്യങ്ങളും കോടതി ഉന്നയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിൽ ഇതുവരെ കുറച്ച് അറസ്റ്റുകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും കോടതി പറഞ്ഞു. പൊലീസ് ആകെ 6532 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു.

6523 എഫ്‌ഐആറുകളില്‍ വ്യക്തതയില്ലെന്നും സംസ്ഥാന സർക്കാർ കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ എന്നിങ്ങനെ ഏതൊക്കെ കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് തരം തിരിച്ച് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ എഫ്‌ഐആറുകളും സിബിഐക്ക് കൈമാറുന്നത് അസാധ്യമാണെന്നും ബെഞ്ച് പറഞ്ഞു. നിലവിൽ 11 ലൈംഗികാതിക്രമക്കേസുകൾ സിബിഐക്ക് വിടാനാണ് ഇപ്പോഴത്തെ നിർദേശമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി എഫ്‌ഐആറുകളുടെ വിഭജിക്കുന്നതിന്, എസ്ജി വെള്ളിയാഴ്ച വരെ സമയം അഭ്യർത്ഥിച്ചു.

അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ മോർച്ചറികളിൽ കിടക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് വാദത്തിനിടെ ഹർജിക്കാർ ആശങ്ക ഉന്നയിച്ചു. മൃതദേഹങ്ങളിൽ അവകാശം ഉന്നയിച്ച് വരാത്ത പലതും പ്രത്യേക ഉദ്ദേശ്യത്തോടെ നുഴഞ്ഞുകയറിയവരാണെന്ന് എസ്ജി പറഞ്ഞു. ഈ വാദത്തെ അഭിഭാഷകൻ നിസാം പാഷ എതിർത്തു. ഗോത്ര വിഭാഗത്തിൽപ്പെടുന്നവരുടെ 118 മൃതദേഹങ്ങൾ മോർച്ചറിയിൽ ആണെന്നും കുടുംബങ്ങളെ അറിയിക്കാത്തതിനാൽ നിരവധി മൃതദേഹങ്ങൾ അവകാശപ്പെടാതെ കിടക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.

You might also like

-