ഗുഡ്‌സമരിറ്റന്‍ പുരസ്ക്കാരം ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്
റാന്നി: 2018 ഓഗസ്റ്റ് 14 ലെ ജലപ്രളയത്തെ തുടര്‍ന്ന് കരകാണാ തലത്തിരുന്ന റാന്നി ജനതക്ക് സഹായ ഹസ്തവുമായി ഓടിയെത്തിയ പ്രവാസി മലയാളി സംഘടനയായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ജീവകാരുണ്യ സംഘടനയായ ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്റ് റിലീഫ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഗുഡ് സമരിറ്റന്‍ പുരസ്ക്കാരം 2019 ജനുവരി 13 ന് ചെത്തോങ്കര റോളക്‌സ് ഹാളില്‍ നടന്ന പ്രളയാനന്തര സ്‌നേഹ സംഗമത്തില്‍ വച്ചു റാന്നി എംഎല്‍എ രാജു ഏബ്രഹാം എച്ച്ആര്‍എ പ്രസിഡന്റും, യുഎസ്എയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് മാത്യുവിന് (ജീമോന്‍ റാന്നി) സമ്മാനിച്ചു.
കേരള ചരിത്രത്തില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത വിധം കനത്ത പേമാരിയും, തുടര്‍ന്നുള്ള ജലപ്രളയവും സാരമായി ബാധിച്ച റാന്നി നിവാസികള്‍ക്ക് സ്വാന്തനമേകാന്‍ ഓടിയെത്തിയ നിരവധി സംഘടനകളും അവസരത്തിനൊത്ത് ഉയര്‍ന്നുവെങ്കിലും ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നുവെന്ന് പുരസ്ക്കാരം നല്‍കിയതിനുശേഷം പ്രസംഗിച്ച രാജു അബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടു.
ചാരിറ്റി ആന്റ് റിലീഫ് സൊസൈറ്റി ചെയര്‍മാന്‍ ഫാ. ഡോ. ബെന്‍സി മാത്യു മാത്യു കിഴക്കേതിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌നേഹ സംഗമ ചടങ്ങില്‍ റവ. കൊച്ചു കോശി അബ്രഹാം, റിങ്കു ചെറിയാന്‍, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ആലിച്ചന്‍ ആറ്റാന്നില്‍, ബെന്നി പുത്തന്‍പറമ്പില്‍, മേഴ്‌സി പഠിയത്ത്, ജേക്കബ് മാത്യു വാണിയേടത്ത്, റജി പൂവത്തൂര്‍, മിന്റു പി. ജേക്കബ് (മനോരമ), കെ. എസ്. ഫിലിപ്പോസ്, ബാബു കൂടത്തിനാല്‍, ബിജു സഖറിയ, അഡ്വ. വില്‍സന്‍ വേണാട്ട് എന്നിവര്‍ പ്രസംഗിച്ചു. എച്ച്ആര്‍എ പ്രസിഡന്റ് ജീമോന്‍ റാന്നിക്ക് ഫ്രണ്ട്‌സ് ഓഫ് ഈട്ടി ചുവട് പുരസ്ക്കാരവും നല്‍കി. എച്ച്ആര്‍എ സ്ഥാപക പ്രസിഡന്റ് കെ. എസ്. ഫിലിപ്പോസ് ഉള്‍പ്പെടെ സംഘടനാ നേതാക്കളെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.