ഹോര്‍ട്ടികോര്‍പ്പ് പണം നൽകുന്നില്ല. മറയൂരിലെ കര്‍ഷകർ കടക്കെണിയിൽ.
ശീതകാല പച്ചക്കറികൾ സംഭരിച്ചതിന്റെ പണം കർഷകർക്ക് കിട്ടുന്നില്ല. ഒന്നര വര്‍ഷത്തെ കുടിശ്ശികയായ് പലർക്കും കിട്ടാനുള്ളത് 15 ലക്ഷം രൂപ വരെ.
മറയൂര്‍ . കൈത്താങ്ങ് ആകേണ്ട ഹോർട്ടി കോർപ് കടക്കെണിയിലേക്ക് തള്ളിയിടുന്നതായാണ് കർഷകർ ആരോപിക്കുന്നതു. കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് പച്ചക്കറികള്‍ സംഭരിച്ചതിന്റെ വിലയാണ് ഒന്നര വർഷമായി കുടിശ്ശികയായിരിക്കുന്നതു. പണം കിട്ടാത്തത് മൂലം കര്‍ഷകരിലേറെയും കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നു. പച്ചക്കറികള്‍ സംഭരിച്ചതിന്റെ വകയായ കാന്തല്ലൂര്‍ വിഎഫ്പിസികെയിലേക്ക്മാത്രം ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് 15 ലക്ഷം രൂപയോളമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഒന്നര വര്‍ഷം പിന്നിട്ടിട്ടും നല്‍കിയ ഉല്‍പന്നങ്ങളുടെ വില കിട്ടിയിട്ടില്ല. ഈ തുക ലഭിക്കാത്തതുമൂലം കടവും മറ്റും വാങ്ങി കൃഷിയിറക്കിയ കര്‍ഷകരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ആര്‍ രാമനാഥന് മാത്രം ഹോര്‍ട്ടികോര്‍പ്പിന് നേരിട്ട് പച്ചക്കറി നല്‍കിയതില്‍ അറുപത്തി നാലായിരം രൂപയും വിഎഫ്പിസികെ മുഖേനെ നല്‍കിയതില്‍ നാല്പത്തിരണ്ടായിരം രൂപയും ചേര്‍ത്ത് ഒരു ലക്ഷത്തി ആറായിരം രൂപയോളമാണ്. ഇത്തരത്തില്‍ കീഴാന്തൂര്‍ സ്വദേശി വെറ്റിവേലു, ശാലിവാകനനന്‍, ബിജെ ഭാഗ്യരാജ്, മുരുകന്‍ തുടങ്ങി സമീപ ഗ്രാമങ്ങളിലെയടക്കം നൂറോളം കര്‍ഷകരാണ് പണം ലഭിക്കാതെ വലയുന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഹോര്‍ട്ടികോര്‍പ്പ് വിഎഫ്പിസികെയിലേക്ക് 12 ലക്ഷം രൂപ കുടിശ്ശിക വരുന്ന സാഹചര്യത്തില്‍ ജൂലൈ 31 ന് മുന്‍പായി പണം കൊടുത്ത തീര്‍ക്കണമെന്ന് മന്ത്രിതലത്തില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ നാല് ലക്ഷം രൂപ മാത്രം നല്‍കിയതിന് ശേഷം ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പിന്നീട് കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചതില്‍ ആറ് ലക്ഷം രൂപയോളം വീണ്ടും കുടിശ്ശിക കൂടുതലായും വന്നു. ഇതും ഹോര്‍ട്ടികോര്‍പ്പ് നല്‍കിയില്ല. ഇങ്ങനെ 15 ലക്ഷം രൂപയോളമാണ് ഹോര്‍ട്ടികോര്‍പ് പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ളത്. അതോടൊപ്പം ഓണക്കാലത്തു ഹോര്‍ട്ടികോര്‍പ്പ് പ്രദേശത്ത് കൃഷി ചെയ്തിരുന്ന മുഴുവന്‍ വിളകളും സംഭരിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പ്രശ്ന പരിഹാരത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.