കോതമംഗലത്ത് ഹണിട്രാപ്പിൽ വ്യാപാരിയിൽ നിന്നും പണം തട്ടിയ കേസിൽ സ്ത്രീയടക്കം 7 പിടിയിൽ
മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ മുൻപ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം കെണിയിൽ അകപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെടുകയായിരുന്നു.
കോതമംഗലം : ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കേസിൽ ഇതുവരെ ഒരു യുവതി ഉൾപ്പടെ ഏഴുപേരാണ് പിടിയിലായത്. കുട്ടമ്പുഴ കല്ലേലിമേട് തോബ്രയിൽ ടി.വി.നിഖിൽ (24), കുറ്റിലഞ്ഞി പുതുപ്പാലം പാറയ്ക്കൽ പുത്തൻപുര അഷ്ക്കർ (21) എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഒരുക്കിയാണ് ഹണി ട്രാപ് തട്ടിപ്പ് നടത്തിയത്.നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), നെല്ലിക്കുഴി സ്വദേശികളായ കാപ്പുചാൽ മുഹമ്മദ് യാസിൻ (22), പറമ്പിൽ റിസ്വാൻ (21), കുറ്റിലഞ്ഞി കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ചൊവ്വാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം
മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ മുൻപ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം കെണിയിൽ അകപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെടുകയായിരുന്നു. ലോക്‌ഡൗൺ കാലത്ത് ഡിടിപി സെന്ററിൽ തിരക്കില്ലാത്തതിനാൽ തൽക്കാലികമായി അടച്ചിരുന്നു. ആര്യയ്ക്ക് അങ്കമാലിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വ്യാപാരി എത്തി കുറച്ച് കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകർത്തി സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. പണം നൽകാത്ത പക്ഷം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ഇയാളുടെ എടിഎം, പാൻ കാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു
പ്രതികൾ സംഘംചേർന്നു സ്ഥാപന ഉടമയെ കാറിൽ കയറ്റി കോതമംഗലം, കോട്ടപ്പടി ഭാഗങ്ങളിലൂടെ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിൽ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 35000 രൂപ പിൻവലിച്ചെടുക്കുകയും ചെയ്തു. മോചിപ്പിക്കണമെങ്കിൽ മൂന്നരലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. കോട്ടപ്പടിയിൽ വച്ച് തന്ത്രത്തിൽ രക്ഷപ്പെട്ട സ്ഥാപന ഉടമ കാറിൽ നിന്ന് രക്ഷപ്പെട്ട് കോട്ടപ്പടി സ്റ്റേഷനിലെത്തുകയായിരുന്നു.
പൊലീസിന് സ്ഥാപന ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യയെയും അശ്വിനെയും പിടികൂടുകയായിരുന്നു. തുടർന്നാണ് മറ്റ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി.അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.