എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഹർജി ഹൈക്കോടതി തള്ളി
സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം
കൊച്ചി |എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്.അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത് നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു.
വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. മഞ്ജുഷയുടെ വാദം പൂർത്തിയായതിന് പിന്നാലെയായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണം പൂര്‍ത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.