ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു ..മന്ത്രി സജി ചെറിയാന് തിരിച്ചടി
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്.
കൊച്ചി മല്ലപ്പളളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദവും ഹൈക്കോടതി തള്ളി.അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്.ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തിൽ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.
അതേസമയം ഹൈക്കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
“പുനരന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞു.അതിൻ്റെ കാരണവും കോടതി പറഞ്ഞു കാണുമല്ലോ. കോടതി തന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. അത് കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ താൻ ഇതിലെ ഒരു കക്ഷിയായിട്ടില്ല. പൊലീസ് അന്വേഷണത്തിൽ കൊടുത്ത റിപ്പോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്നമെന്നനിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു “സജിചെറിയാൻ പറഞ്ഞു
“പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ല. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ ഒരു ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു.ഇനി അതിന് മുകളിലും കോടതി ഉണ്ട്. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പ്രസംഗത്തിന്റെ വിഷയത്തിലേക്ക് വന്നാൽ മാത്രമാണ് താൻ കക്ഷിയാകുക. ഇപ്പോൾ അന്വേഷണത്തെ കുറിച്ചാണ് ചർച്ച വന്നിരിക്കുന്നത്. എൻ്റെ ഭാഗം കോടതി കേൾക്കത്തത്തിൽ തെറ്റില്ല. കോടതി പറഞ്ഞകാര്യങ്ങൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. എനിക്ക് നിയമപരമായ നടപടി സ്വീകരിക്കാൻ അവകാശം ഉണ്ട്.”..സജിചെറിയാൻ കൂട്ടിച്ചേർത്തു