അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

പറമ്പിക്കുളത്തിന് പകരം പുതിയ സ്ഥലം ഏതെന്ന് വിദഗ്ധ സമിതി തീരുമാനിച്ച് ഉത്തരവ് നടപ്പാക്കണം. കേസ് അടുത്ത മാസം 3 ന് വീണ്ടും പരിഗണിക്കും

0

അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. പറമ്പിക്കുളത്തിന് പകരം പുതിയ സ്ഥലം ഏതെന്ന് വിദഗ്ധ സമിതി തീരുമാനിച്ച് ഉത്തരവ് നടപ്പാക്കണം. കേസ് അടുത്ത മാസം 3 ന് വീണ്ടും പരിഗണിക്കും.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും എവിടേയ്ക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ തീരുമാനിച്ച് കോടതിയെ അറിയിക്കാനായിരുന്നു ഡിവിഷന്‍ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ സ്ഥലം ഏതെന്ന് വിദഗ്ധ സമിതി നിര്‍ദേശിക്കട്ടെയെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. പുതിയ സ്ഥലം ഏതെന്ന് കണ്ടെത്തി ഉത്തരവ് നടപ്പാക്കണമെന്ന് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.വിദഗ്ധ സമിതിയുടെ ശുപാര്‍ശ അതീവ രഹസ്യമായി സൂക്ഷിക്കണം. അരിക്കൊമ്പനെ മാറ്റാന്‍ വിദഗ്ധ സമിതിയ്ക്ക് കോടതിയുടെ അനുമതി ആവശ്യമില്ല.സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ കോടതിയ്ക്ക് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.

പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കണം.ഇടുക്കിക്ക് പുറമെ ആനശല്യം നേരിടുന്ന പാലക്കാട്ടും വയനാടും ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കണം. ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയായിരിക്കണം കണ്‍വീനര്‍. നിലവിലെ ടാസ്‌ക്ക് ഫോഴ്‌സില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് പകരം ഡി എഫ് ഒ യെ ഉള്‍പ്പെടുത്തണം. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരും സമിതിയില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ പരാതികള്‍ പഞ്ചായത്ത് പ്രസിഡന്റിനെയാണ് അറിയിക്കേണ്ടത്. ജനങ്ങളുടെ സുരക്ഷയും പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. മുതലമട പഞ്ചായത്തിന് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി.

You might also like

-