മേപ്പാടിയില്‍ ‘ബോച്ചെ സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു
തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്.
വയനാട് | മേപ്പാടിയില്‍ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതിലുണ്ട്.
പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പൊലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവ് നല്‍കി. നിയമപ്രകാരമുള്ള അനുമതികള്‍ നേടാതെ പരിപാടി നടത്താനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല. അത് ഇത്തരമൊരു വന്‍ പരിപാടി നടത്താനുള്ള അനുമതി അല്ലെന്നും നിയമാനുസൃത അനുമതികള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.