വിസ്മയയുടെ മരണം ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു
വിസ്മയയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിനെ സസ്പെൻഡ് ചെയ്തത്.കേസിലെ കണ്ടെത്തല്‍ അനുസരിച്ച് കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിസ്മയ നേരിട്ടത് കടുത്ത പീഡനമെന്ന് വിസ്മയയുടെ അമ്മ സജിത. വിവാഹനിശ്ചയം കഴിഞ്ഞ് കൂടെ പോയപ്പോള്‍ തന്നെ സുഹൃത്തിന് മെസേജ് അയച്ചുവെന്ന പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നു. ഇതൊക്കെ പിന്നീടാണ് അവള് പറഞ്ഞത്. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. പലപ്പോഴും ബാത്ത്റൂമില്‍ കയറി രഹസ്യമായാണ് അവള് തന്നെ വിളിച്ചിരുന്നത്. 100 പവനും ഒന്നരയേക്കര്‍ പുരയിടവും 10 ലക്ഷത്തിന്റെ കാറുമാണ് സ്ത്രീധനമായി പറഞ്ഞിരുന്നത്. കോവിഡ് സാഹചര്യം വന്നതിനാല്‍ 80 പവന് മാത്രമേ നല്കാനായുള്ളൂ. ബാക്കി 20 പവന് ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാമെന്ന് ഉറപ്പ് നല്കി. കാറ് കൊള്ളില്ലെന്ന് പറഞ്ഞാണ് മകളെ മര്‍ദിച്ചിരുന്നത്. കിരണിന്റെ വല്യച്ഛനാണ് സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചത്. എല്ലാം രഹസ്യമായി മതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് നടത്തിയ അന്വേഷണത്തില്‍ കിരണിനെക്കുറിച്ച് മോശമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു. മകളോട് വീട്ടിലേക്ക് തിരിച്ചുപോരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛന് നാണക്കേടാവും എന്ന് പറഞ്ഞ് അവള് ഭര്‍തൃവീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ തിരിച്ചുപോന്നാല്‍ നാട്ടുകാര്‍ അച്ഛനെക്കുറിച്ച് മോശമാക്കി പറയും. അത് വേണ്ട, എല്ലാ സഹിച്ച് കിരണിനൊപ്പം ജീവിക്കാം എന്നായിരുന്നു വിസ്മയ പറഞ്ഞതെന്നും സജിത പറഞ്ഞു.