തിരുവല്ലയിൽ ബധിര വിദ്യാലയത്തിലെ 32 വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്
ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. ആദ്യ വിദ്യാർഥിക്ക് ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയത് ഒക്‌ടോബർ 28നാണ്. പിന്നാലെ രോഗം ഹോസ്റ്റലിൽ ആകെ പടർന്നു
കോട്ടയം: തിരുവല്ലയിൽ ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സി എസ് ഐ ബധിരവിദ്യാലയത്തിലെ ഹോസ്റ്റൽ വാർഡൻ ഉൾപ്പടെ 32 പേരെ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. ആദ്യ വിദ്യാർഥിക്ക് ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയത് ഒക്‌ടോബർ 28നാണ്. പിന്നാലെ രോഗം ഹോസ്റ്റലിൽ ആകെ പടർന്നു.ഒക്ടോബർ ഇരുപത്തിയെട്ടു മുതൽ തുടർച്ചയായി 31 ബധിര വിദ്യാർഥികളാണ് മഞ്ഞപിത്ത ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചില വിദ്യാർത്ഥികളുടെ നില ഗുരുതരമായതോടെ ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യപ്പെട്ടു.
കലോത്സവത്തിന് പോയ വിദ്യർഥികൾക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാൽ, ഇത് തെറ്റാണെന്നു രക്ഷകർത്താക്കൾ പറയുന്നു.ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കാത്തവരാണെന്നു രക്ഷകർത്താക്കൾ പറഞ്ഞു. ഹോസ്റ്റലിലെ വെള്ളത്തിന്‍റെ സാമ്പിളുകളും ആഹാരവും പരിശോധനയ്ക്ക് അയച്ചതായി പത്തനംതിട്ട ഡിഎംഒ പറഞ്ഞു. അസുഖം പടർന്നു പിടിച്ചു മാസങ്ങൾ പിന്നിട്ട് ഈ കഴിഞ്ഞദിവസം മാത്രമാണ് ആരോഗ്യവകുപ്പ് നടപടി കൈക്കൊള്ളുന്നത്.വിവിധ ജില്ലകളിലേക്ക് വിവരങ്ങൾ കൈമാറിയതായും ഡിഎംഒ വ്യക്തമാക്കി.