ഹേമ കമ്മിറ്റി റിപ്പോർട്ട്: വിവരാവകാശ കമ്മിഷന്റെ നടപടിയിൽ ദുരൂഹത
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നത് മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ സ്വയമേറ്റെടുത്തു.
തിരുവനന്തപുരം| ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നത് അവസാന നിമിഷം മാറ്റിവച്ച വിവരാവകാശ കമ്മിഷന്റെ നടപടിയിൽ ദുരൂഹത. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹരജിയെക്കുറിച്ച് അറിഞ്ഞത് ഏറെ വൈകി. പുതിയ ഹരജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാതിരുന്നതിലും ദുരൂഹതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നത് മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ സ്വയമേറ്റെടുത്തു. ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് പുതിയ ഹർജി വിവരാവകാശ കമ്മീഷണർ അറിയുന്നത്. അപേക്ഷകരെ കാണാൻ പോലും അധികൃതർ തയാറായില്ല. ഇതിനു പിന്നാലെയാണ് പുതിയ അപേക്ഷ മുഖ്യ വിവരാവകാശ കമ്മിഷണറാണ് പരിഗണിക്കുന്നതെന്ന അറിയിപ്പെത്തിയത്. കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നെന്നാണ് സംശയം. കമ്മീഷനിലെ ഉന്നതനും സംശയ നിഴലിലാണ്.
അതേസമയം കമ്മീഷണർ ഹക്കിം അപ്പീൽ പരിഗണിച്ചത് നടപടി ക്രമങ്ങൾ അട്ടിമറിച്ചാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.സാംസ്ക്കാരിക വകുപ്പിൽ വിവരാവകാശ അപേക്ഷ നൽകാത്തവരെ ഹർജിക്കാരായി ഉൾപ്പെടുത്തിയത് ക്രമവിരുദ്ധ നടപടിയാണ്,ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വകുപ്പിൽ അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് വകുപ്പിലെ ഉദ്യേഗസ്ഥരെ വിളിച്ച് വരുത്തി ഹിയറിങ് നടത്താതിരുന്നതും ദുരൂഹമാണ്.കമ്മീഷണർ ഹക്കിം ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചു വരുത്തിയ ഘട്ടത്തിന് ശേഷമാണ് ഒരു ചാനൽ റിപ്പോർട്ടിലെ മൊഴിയുടെ പകർപ്പ് പുറത്ത് വിട്ടത് ഇതും കമ്മീഷണർ ഹക്കിമിനെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്.മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് WCC മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.