സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ,കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത

കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

തിരുവനന്തപുരം|സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിൻ്റെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞുവീണു. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. മെയ് 24 മുതല്‍ പെയ്ത കാറ്റിലും മഴയിലും 534 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജില്ലയില്‍ മഴയ്ക്ക് ഭാഗിക ശമനം. ഇടുക്കിയിലും തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഖനനം, തോട്ടം മേഖലയിലെ ജോലികള്‍ എന്നിവയ്ക്ക് നിരോധനം തുടരുന്നു. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത് തുടരുകയാണ്.

കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ ശക്തമായ കാറ്റ് വീശി. പലയിടങ്ങളിലും മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല. അടുക്കത്ത് നീളംപാറ കമലയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് കട്ടിപ്പാറയില്‍ ഇന്നലെ കല്ലിടിഞ്ഞ് വീണ മണ്ണാത്തിയേറ്റ് മലയില്‍ ജാഗ്രത തുടരുകയാണ്.

You might also like

-