ഇടുക്കിയിൽ കനത്ത മഴ ; മൂന്നാര്‍, അടിമാലി മേഖലകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നാശം
മൂന്നാര്‍ മറയൂര്‍ റോഡില്‍ പെരിയവരൈ പാലത്തിന് സമീപം പാതയുടെ വശമിടിഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്
അടിമാലി/മൂന്നാർ :കാലവര്‍ഷത്തെ തുടര്‍ന്ന് മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറിലെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിഞ്ഞു. മൂന്നാര്‍ ടൗണില്‍ പോലീസ് ക്യാന്റീന് സമീപം വെള്ളിയാഴ്ച്ച രാത്രിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. മൂന്നാര്‍ മറയൂര്‍ റോഡില്‍ പെരിയവരൈ പാലത്തിന് സമീപം പാതയുടെ വശമിടിഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ റോഡിന്റെ ഒരു വശം ഇടിഞ്ഞ് വെള്ളത്തില്‍ പതിച്ച നിലയിലാണ്. നിലവില്‍ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുവെങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ ഗതാഗതം പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച്ച രാവിലെ ഇതുവഴി ഭാരം കയറ്റി വന്ന ലോറി ചെളിയില്‍ പൂണ്ടു പോയിരുന്നു. ഏറെ പണിപ്പെട്ടാണ് വീണ്ടും ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കിയത്. ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളേജിന് സമീപം മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം വെള്ളിയാഴ്ച്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണതോതിലായിട്ടില്ല. ജാഗ്രതാ നടപടികളുടെ ഭാഗമായി മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ഇക്കാനഗര്‍ സ്വദേശികളായ രണ്ട് പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ കുടുംബങ്ങളെ ഇവിടെ താമസിപ്പിക്കേണ്ടി വന്നാല്‍ അതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വെള്ളിയാഴ്ച്ച മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ മറയൂര്‍ റോഡില്‍ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. മൂന്നാര്‍ മേഖലയില്‍ ശനിയാഴ്ച്ച പകല്‍ മഴക്ക് നേരിയ കുറവ് വന്നത് പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. അടിമാലി മേഖലയിലും ശനിയാഴ്ച്ച പകല്‍ മഴക്ക് ശമനമുണ്ടായി.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിരിക്കുകയാണ്. അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ദേശിയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ആനച്ചാല്‍ മന്നാക്കുടിയില്‍ മരുതനാക്കുന്നേല്‍ ഷൈജന്റെ വീട് തകര്‍ന്നു. ശബ്ദം കേട്ട് ഷൈജനും കുടുംബവും പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. മരം വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ട മാങ്കുളം, കുരിശുപാറമേഖലകളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ദേവിയാര്‍പുഴ, മുതിരപ്പുഴ, കന്നിമല,നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മറയൂര്‍ സ്വദേശിയായ സത്യബാലന്റെ വീടിന് മഴയെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഭിത്തി മഴയില്‍ ഇടിഞ്ഞ് വീണു. കണക്കുകള്‍ പ്രകാരം മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് കനത്തമഴയാണ്. മഴ ഇനിയും കനത്ത് കൂടുതല്‍ നാശമുണ്ടാകുമോയെന്ന ആശങ്ക അടിമാലി, മൂന്നാര്‍, ദേവികുളം മേഖലകളിലെ ആളുകള്‍ പങ്ക് വയ്ക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയിലാണ്.