മഹാരാഷ്‌ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി
റായ്ഗഡ്, രത്‌നഗിരി, സത്താറ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. റായ്ഗഡിൽ 52 പേരും രത്‌നഗിരിയിൽ 21 പേരും സത്താറിൽ 13 പേരുമാണ് മരിച്ചത്. റായ്ഡഗിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുബത്തിന് 2 ലക്ഷം രൂപയും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവിനായി 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴ തുടരുകയാണ്. 3000ത്തോളം കന്നുകാലികളും ചത്തൊടുങ്ങി.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതുവരെ ഏകദേശം 1,35,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 34 സംഘങ്ങളെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
നാൽപ്പത് വർഷത്തിനിടെ മഹാരാഷ്‌ട്രയിലുണ്ടായ ഏറ്റവും കനത്ത മഴയാണിത്. കൊങ്കൺ മേഖലയടക്കം പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. മഹാരാഷ്‌ട്രയ്‌ക്ക് പുറമെ തെലങ്കാനയുടെ വടക്കൻ ജില്ലകൾ, ഉത്തരകന്നഡ, ശിവമോഗ, ഉഡുപ്പി എന്നിവിടങ്ങളിലും പ്രളയ സമാനമായ സാഹചര്യമാണ്. സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.