വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും.
വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടിരുന്നു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ നാല് പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.