പി വി അന്‍വറിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.

0

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 12മീറ്റർ മുകൾ ഭാഗത്തും 6മീറ്റർ നീളത്തിൽ അടി ഭാഗത്തും പൊളിക്കണം. ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്‌ കോടതി പരിഗണിക്കുകയായിരുന്നു. പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിനു വേണ്ടിയാണു തടയണ നിര്‍മ്മിച്ചത്.

പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.

പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരുന്നത്. പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

You might also like

-