പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്കിനെതിരെ വീണ്ടും ഹൈക്കോടതി.
പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.
കൊച്ചി: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകുന്നത്. നേരത്തെ ഹൈക്കോടതി നൽകിയ കാല പരിധിക്കുള്ളിൽ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുൻപ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
അൻവറിന്‍റെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ് പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കിക്കളയണമെന്ന് ആവർത്തിച്ച് നിർദ്ദേശം നൽകിയത്.