സംസ്ഥാനത്ത് ഹർത്താൽ ഭാഗികം; സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മു‍ൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടും കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച 25ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

0

കൊച്ചി :പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികമായി തുടരുന്നു. ഹർത്താലിന്‍റെ ഭാഗമായി കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷകൾക്ക്‌ മാറ്റമില്ല. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.

പാലക്കാടും കോഴിക്കോടും സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. കണ്ണൂരില്‍ 60 ലധികം സമരസമിതി പ്രവര്‍ത്തകരും ഇടുക്കിയില്‍ 30 പ്രവര്‍ത്തകരും കരുതല്‍ തടങ്കലിലുണ്ട്. കോഴിക്കോടും ആലുവയിലും വാളയാറും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി

മു‍ൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടും കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച 25ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച നാലു പേരും പൊലീസ് കസ്റ്റഡിയിലാണ്. അക്രമങ്ങൾ തടയാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌.

ആലുവയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലുവ – മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്.വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്‌പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-