ഹരിയാനയിൽ ബി ജെ പി കനത്ത തിരിച്ചടി 90 അംഗ നിയമസഭയില്‍ 39 ഒതുങ്ങി

കോണ്‍ഗ്രസ് 32 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. പത്ത് സീറ്റ് നേടിയ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകമാകും

0

ഡൽഹി :ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 90 അംഗ നിയമസഭയില്‍ 39 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് 32 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. പത്ത് സീറ്റ് നേടിയ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകമാകും. മറ്റുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

75 ലധികം സീറ്റ് നേടി ഭരണം തുടരുമെന്ന ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹരിയാനയില്‍തകർന്നടിഞ്ഞത്.  എക്സിറ്റ് പോളുകള്‍ വിധിയെഴുതിയ കോണ്‍ഗ്രസ് ഇരട്ടി ശക്തിയോടെ സംസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമായ 46 എന്ന മാജിക്ക് നമ്പറിൽ എത്താൻ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചൗതാലയുടെ ജെ.ജെ.പി പത്ത് സീറ്റോടെ സംസ്ഥാനത്ത് കിങ് മേക്കറാകും. ദുഷ്യന്ത് ചൗതാലയുമായി ഭൂപീന്ദര്‍ ഹൂഡയും ബി.ജെ.പിയും ഇതിനോടകം ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന വിവരം. സര്‍ക്കാരിനെതിരായ ജനരോഷം വോട്ടായി മാറിയപ്പോള്‍ ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അടക്കം പല മന്ത്രിമാരും തോറ്റു. ബി.ജെ.പി സ്ഥാനാര്‍ഥികളായ ടിക് ടോക് താരം സോണാലി, ഗുസ്തി താരം ബബിത, യോഗേശ്വര്‍ ദത്ത് എന്നിവരും തോറ്റു. പാര്‍ട്ടി മികച്ച പ്രകടനം നടത്തിയെങ്കിലും കൈത്താലയില്‍ മത്സരിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തോറ്റു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍നാലില്‍ നിന്നും ഭൂപീന്ദര്‍ ഹൂഡ ഗാര്‍ഗി സാംപ്ലകിലോയില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ ‌തെരഞ്ഞെടുക്കപ്പെട്ടു. ഫലം തിരിച്ചടിയായതോടെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പൊലീസിന്റെ പരിപാടി റദ്ദാക്കിയ അമിത് ഷാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണിതെന്ന് പ്രതികരിച്ച ഭൂപീന്ദര്‍ ഹൂഡ ജെ.ജെ.പി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞു. നാളെ എം.എല്‍.എമാരുമായുള്ള യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തെ സംബന്ധിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും ദുഷ്യന്ത് ചൗതാല പറഞ്ഞു.

 

You might also like

-