നിയമനതട്ടിപ്പ് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം

ആരോഗ്യമന്ത്രിയുടെ പി.എക്കെതിരായ ആരോപണത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. തിരുവനന്തപുരത്ത് ഹരിദാസൻ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നത് ഏപ്രിൽ ഒൻപതിനും പത്തിനും.ഈസ്റ്റർ ദിനമായ ഏപ്രിൽ ഒൻപതിന് സെക്രട്ടറിയേറ്റ് അവധിയാണ് എന്നത് ഹരിദാസനെ വെട്ടിലാക്കി

0

തിരുവനന്തപുരം |നിയമനതട്ടിപ്പ് ആരോപണത്തില്‍ അഖില്‍ മാത്യുവിനെതിരായ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ചോദ്യം ചെയ്യല്‍ .ഇയാളുടെ മൊബൈല്‍ ഫോണടക്കമുള്ളവ പൊലീസ് കസ്റ്റഡിയിലാണ്. ഫോണ്‍ സംഭാഷണ രേഖകളും, മെസ്സേജുകളും പൊലീസ് പരിശോധിക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിക്കും.

ആരോഗ്യമന്ത്രിയുടെ പി.എക്കെതിരായ ആരോപണത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. തിരുവനന്തപുരത്ത് ഹരിദാസൻ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നത് ഏപ്രിൽ ഒൻപതിനും പത്തിനും.ഈസ്റ്റർ ദിനമായ ഏപ്രിൽ ഒൻപതിന് സെക്രട്ടറിയേറ്റ് അവധിയാണ് എന്നത് ഹരിദാസനെ വെട്ടിലാക്കി. ഏപ്രിൽ പത്തിന് തിരുവനന്തപുരത്ത് നിന്നും മടങ്ങി എന്ന് അവകാശപ്പെടുന്ന ഹരിദാസന്‍റെ ടവർ ലോക്കേഷൻ പതിനൊന്നാം തീയതിയും തിരുവനന്തപുരത്ത് തന്നെ എന്നതും ആരോപണത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു

അതേസമയം നിയമനതട്ടിപ്പ് ആരോപണത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരാതിക്കാരനായ ഹരിദാസനും ബാസിത്തും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ ആരും തന്നെ ഇരുവരുടെയും അടുത്തേക്ക് വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സെക്രട്ടറിയേറ്റ് അനക്‌സ് 2വിലെ സിസിടിവിയിലാണ് രണ്ട് പേരുടെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ഏപ്രില്‍ 10ലെ സിസിടിവി റെക്കോര്‍ഡിലാണ് ഇരുവരും പതിഞ്ഞിരിക്കുന്നത്. പണം കൈമാറുമ്പോള്‍ തനിക്കൊപ്പം ബാസിത്ത് ഇല്ലായിരുന്നുവെന്ന് ഹരിദാസന്‍ പറഞ്ഞിരുന്നു. മറ്റ് സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിയമനതട്ടിപ്പ് ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. സത്യം പുറത്തുവരണം. അപ്പോള്‍ കാണാമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.

You might also like

-