ഹമാസ്-ഇസ്രയേല്‍ യുദ്ധം ഹമാസിൽനിന്നും 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം
ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്
ടെൽ അവീവ് | ഹമാസ്-ഇസ്രയേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. 2670ഓളം പലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടു. ഇതില്‍ 600ലേറെപ്പേര്‍ കുട്ടികളാണ്. 9600 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ 1400 ഇസ്രയേലികളും ഇതിനകം കൊല്ലപ്പെട്ടു. ഇതില്‍ 286പേര്‍ സൈനികരാണ്. ഏതാണ്ട് പത്ത് ലക്ഷത്തിലേറെ പലസ്തീനികള്‍ വീടും പരിസരവും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതാണ് റിപ്പോര്‍ട്ട്. ഇതിനിടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കടക്കം ഈജിപ്തിലേക്ക് കടക്കുന്നതിനായി റഫ അതിർത്തി ഇന്ന് തുറന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂർ നേരം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
ഗാസയിലെ ആശുപത്രികളില്‍ ഇന്ധനം അടക്കമുള്ളവയുടെ കരുതല്‍ശേഖരം അടുത്ത 24 മണിക്കൂറിനകം തീരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഇസ്രയേലി ആക്രമണം ഗാസയില്‍ വലിയ രീതിയിലുള്ള മാനുഷിക ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ വര്‍ക്ക് ആന്‍ഡ് റിലീഫ് ഏജന്‍സിയും ആരോപിച്ചിട്ടുണ്ട്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിന്റെ ഗാസ അധിനിവേശത്തെ പിന്തുണയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കേണ്ടതുണ്ട് പക്ഷെ ഗാസയെ അധീനപ്പെടുത്താനുള്ള നീക്കം വലിയ തെറ്റാണ് എന്നായിരുന്നു അമേരിക്കയുടെ നിലപാട്. ഒരു പലസ്തീനിയന്‍ ഭരണകൂടവും രാജ്യവും ആവശ്യമാണെന്ന നിലപാടും ബൈഡന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പലസ്തീനിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നില്ലെന്നും ബൈഡന്‍ ചൂണ്ടിക്കാണിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം നെതന്യാഹു മുന്നോട്ടുവച്ചിട്ടുണ്ട്. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാവണം സന്ദര്‍ശനമെന്നും നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഹമാസിനെ തള്ളിപ്പറഞ്ഞ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് രംഗത്തെത്തി. പലസ്തീന്‍ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ലെന്നും അവരുടെ ആക്രമണങ്ങളും നടപടികളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും മഹമ്മൂദ് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങൾ പറയുന്നു. ഇറാൻ ഇടപെട്ടാലുള്ള വൻ സംഘർഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. ചൈന ഇറാനെ സഹായിച്ചേക്കാമെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. ഇസ്രയേൽ പ്രതിരോധ പരിധി കടന്നെന്ന് ചൈന പ്രസ്താവിച്ചിരുന്നു. സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയിലെ യോഗം വിലയിരുത്തിയിരുന്നു. അതേസമയം, ഗാസ വിഷയത്തിൽ ഇറാൻ ഇടപെടുകയാണ്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.