ഗുരുവന്ദനം വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം.ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ .
ഗുരുദേവ ചിന്തകളും ദർശനങ്ങളും പരിചിന്തനം ചെയ്യുവാനും പ്രയോഗികവൽക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി ഈ അവസരത്തെ വിനിയോഗിക്കേണ്ടതാണന്ന് ഋതംഭരാനന്ദ സ്വാമി തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.
മാനവരാശിക്ക് സമാനതകളില്ലാത്ത ഭീഷണി ഉയർത്തിക്കൊണ്ട് അനുദിനം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സമാരംഭിച്ച പ്രതിവാര ഓൺലൈൻ പ്രാർത്ഥനാ യജ്ഞം , ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി ശ്രേഷ്ഠനായ സച്ചിദാനന്ദ സ്വാമി ഉത്‌ഘാടനം ചെയ്യുകയുണ്ടായി. ഭയചകിതരായി ആശങ്കയേറുന്ന മനസ്സുമായി കഴിയാതെ , അഭയമേകി ആനന്ദമരുളുന്ന പരബ്രഹ്മ സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും , ഗുരുദേവൻ അരുളിച്ചെയ്ത പഞ്ചശുദ്ധി പരിപാലിക്കുകയുമാണ് ഈ അവസരത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു .
ഗുരുദേവ ചിന്തകളും ദർശനങ്ങളും പരിചിന്തനം ചെയ്യുവാനും പ്രയോഗികവൽക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി ഈ അവസരത്തെ വിനിയോഗിക്കേണ്ടതാണന്ന് ഋതംഭരാനന്ദ സ്വാമി തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി. നാനാ വിധ ഭേദചിന്തകളുടെയും അന്തസ്സാര ശൂന്യത ഒരിക്കൽ കൂടി വെളിവാക്കുന്ന ഈ ഒരു സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ദേശങ്ങളിൽ വിവിധ ശ്രേണികളിൽ കഴിയുന്ന മനുഷ്യർക്ക് ഒരേ തരത്തിൽ ഭീഷണിയായിരിക്കുന്ന മഹാവ്യാധി പലവിധ തിരിച്ചറിവുകളുടെയും കാലമാണന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു .
ഇത്തരത്തിലൊരു ആശയത്തിന് നേതൃത്വം നൽകിയ ഗുരുപ്രസാദ് സ്വാമി , ഗുരുദേവ ദർശനത്തിന്റെ ഗരിമ പാശ്ചാത്യലോകത്തേക്ക് പ്രസരിപ്പിക്കുക എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്ന സന്ദർഭമാണിതെന്ന് പ്രത്യേകം പ്രസ്‌താവിക്കുകയുണ്ടായി. ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾ പരസ്പരം സഹകരിച്ചുകൊണ്ട് സമസ്ത സഹജീവികൾക്കും സ്വാന്തനമേകുവാനുള്ള പരിശ്രമങ്ങൾ നടത്തണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമീപകാലത്ത് നമ്മെ വിട്ടുപിരിഞ്ഞു പോയ ബന്ധുജനങ്ങളുടെ ആത്മാവിന് പ്രാർത്ഥനാപൂർവ്വം സ്വാമിജി നിത്യശാന്തി നേരുകയുണ്ടായി.
കൊറോണ വൈറസിന്റെ വ്യാപനം , മുൻകരുതലുകൾ , പ്രതിവിധികൾ , വെല്ലുവിളികൾ തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് ആശ്രമം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആരോഗ്യമേഖലയിലെ വിദഗ്‌ദയുമായ ശ്രീമതി പ്രസന്ന ബാബു ന്യൂയോർക്ക് വിശദമായി സംസാരിക്കുകയുണ്ടായി.
അമേരിക്ക , കാനഡ , ജർമ്മനി , ഇംഗ്ലണ്ട് , ഓസ്ട്രേലിയ , നെതർലാൻഡ് , യു .എ .ഇ , ഖത്തർ , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള നിരവധി ഗുരുദേവ ഭക്തർ പങ്കെടുത്ത ഈ ആദ്ധ്യാത്മിക സംഗമത്തിൽ , ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി മനോജ് തങ്കച്ചൻ സ്വാഗതവും . വൈസ് പ്രസിഡണ്ട് അശോകൻ വേങ്ങശ്ശേരി നന്ദിയും പ്രകാശിപ്പിച്ചു. വൈസ് പ്രസിഡണ്ട് മനോജ് കുട്ടപ്പൻ , ട്രഷറർ സന്തോഷ് വിശ്വനാഥൻ, ആശ്രമം ജനറൽ കൺവീനർ ശ്രീനി പൊന്നച്ചൻ , ജോയിന്റ് സെക്രട്ടറി അനൂപ് രവീന്ദ്രനാഥ് , ജോയിന്റ് ട്രഷറർ സുജി വാസവൻ , ട്രസ്റ്റി ബോർഡ് അംഗം സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകുകയുണ്ടായി