വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ്ചെയ്തെക്കും
കേസില്‍ പ്രതിയായ 11 പൊലീസുകാര്‍ക്ക് പുറമേ മററു ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാകുമെന്നാണ് വിവരം.
തിരുവനന്തപുരം :വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് അനധികൃതമായി കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി .വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഇതില്‍ കൃത്യമായ ഗൂഡാലോചന നടന്നതായും പ്രത്യോക അന്വേഷണ സംഘം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടുത്താഴ്ച്ച തന്നെ ഉണ്ടായേക്കും. എന്നാല്‍ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
അറസ്റ്റ് നടപടി പൂര്‍ത്തായിക്കായ ശേഷം മാര്‍ച്ച് 2 ന് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലേക്ക് നീങ്ങാനുളള സാഹചര്യം ഈ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വിശദീകരിക്കും. നേരത്തെ കേസില്‍ പ്രതിയായ 11 പൊലീസുകാര്‍ക്ക് പുറമേ മററു ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാകുമെന്നാണ് വിവരം. അതേസമയം 97-98 കാലഘട്ടത്തിലാണ് വെടിയുണ്ടകള്‍ ഉരുക്കി പൊലീസിനായ എംബ്ലം നിര്‍മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.