“ഉണ്ട തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന” ; പിച്ചള മുദ്ര ഫൊറന്‍സിക് ലാബിലേക്ക്
.വെടിവെച്ച ശേഷം ബാക്കിയായ കെയ്സുകള്‍ ഉരുക്കിയാണ് എസ് എ പി ക്യാമ്പിലെ പിച്ചള മുദ്ര നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അനുമാനം
തിരുവനന്തപുരം :പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ ഒഴിഞ്ഞ കെയ്സുകള്‍ ഉരുക്കിയുണ്ടാക്കിയെന്ന് സംശയിക്കുന്ന പിച്ചള മുദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കും. മുദ്ര നിര്‍മിച്ച സ്ഥാപനത്തെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എസ്.എ.പി ക്യാമ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തും.വെടിവെച്ച ശേഷം ബാക്കിയായ കെയ്സുകള്‍ ഉരുക്കിയാണ് എസ് എ പി ക്യാമ്പിലെ പിച്ചള മുദ്ര നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അനുമാനം. ഇത് സ്ഥിരീകരിക്കാനാണ് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കുന്നത്. പരിശോധന ഫലം വരാന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കും.
വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് മേധാവി പ്രഖ്യാപിച്ചിരുന്നത്. മുദ്ര നിര്‍മാതാക്കളെ കണ്ടെത്താന്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാതാക്കളെ തിരിച്ചറിഞ്ഞാല്‍ അവരെയും ചോദ്യം ചെയ്യും. വിരമിച്ച ഉദ്യോഗസ്ഥരടക്കം 11 പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഡമ്മി കാലി കാട്രിഡ്ജുകള്‍ വ്യാജന്‍ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ആയുധ നിര്‍മാതാക്കളായ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ സഹായവും തേടും.