നിയന്ത്രണങ്ങൾ മറികടന്ന് അധ്യാപികയെ സർക്കാർ വാഹനത്തിൽ കർണാടകത്തിലെത്തിച്ച കേസ് കൽപറ്റ ഡിവൈഎസ്പി അന്വേഷിക്കും
അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിർത്തി കടത്തി വിടാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും.
കൽപ്പറ്റ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് അധ്യാപികയെ സർക്കാർ വാഹനത്തിൽ കർണാടകത്തിലെത്തിച്ച കേസ് കൽപറ്റ ഡിവൈഎസ്പി എം ഡി ജേക്കബ് അന്വേഷിക്കും. ഒരാഴ്ച മുൻപ് നടന്ന സംഭവത്തെ സംഭവിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിർത്തി കടത്തി വിടാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും.
ഇതിനിടെ, അധ്യാപികയെ അതിർത്തി കടത്താൻ കുന്ദമംഗലം എക്സൈസ് വാഹനവും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്ന് താമരശ്ശേരി വരെ ഈ വാഹനത്തിലാണ് അധ്യാപിക യാത്ര ചെയ്തത്. ഈ വാഹനത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ച ഒരു ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.ഡൽഹിയിലേക്കാണ് അധ്യാപിക യാത്ര ചെയ്യുന്നതെന്നാണ് വിവരം. തിരുവനന്തപുരം മുതൽതന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്ക് യാത്രചെയ്യാൻ പൊലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്നാണ് വയനാട് കളക്ടർ പറയുന്നത്.