സജി ചെറിയാൻറെ മന്ത്രിസഭാ പുനഃ പ്രവേശനത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദികരണം തേടും
ഭരണ ഘടനാ തത്ത്വങ്ങൾ സംരക്ഷിക്കുന്നു എന്ന് ഗവർണർക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. വിശദീകരണം തേടിയാൽ നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
തിരുവനന്തപുരം| സജി ചെറിയാൻറെ മന്ത്രിസഭാ പുനഃ പ്രവേശനത്തിൽ ഗവർണ്ണർക്ക് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടിയേക്കും സജി ചെറിയനെതിരായി ഇപ്പോഴും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വൈസർ ഗവർണ്ണർക്ക് നൽകിയത്. ഭരണ ഘടനാ തത്ത്വങ്ങൾ സംരക്ഷിക്കുന്നു എന്ന് ഗവർണർക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. വിശദീകരണം തേടിയാൽ നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ലഎന്നാണ് ഗവർണ്ണർക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം . ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.
നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാൻറെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവർണർ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവർണർക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് സർക്കാരിനോട് കൂടുതൽ വ്യക്തത തേടാം.
അതേസമയം സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിൽ പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അന്ന് രാജി അനിവാര്യമായിരുന്നെന്ന് ഗവർണർ പറഞ്ഞു.ഇപ്പോൾ സാഹചര്യം എങ്ങനെ മാറിയെന്ന് നോക്കുമെന്ന് ഗവർണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചു എന്നത് മുഖ്യമന്ത്രിയ്ക്ക് കൂടി ബോധ്യപ്പെട്ടിരുന്നെന്നും അതിനാലാണ് മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടതെന്നും ഗവർണർ പറഞ്ഞു.വിഷയത്തിൽ നിയമ ഉപദേശത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.