വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തും

വാച്ചർ പോളിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇടത് സർക്കാരിനെതിരെ താമരശേരി രൂപത ഇന്നലെ രം​ഗത്തെത്തിയിരുന്നു. കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നതെന്ന് താമരശേരി രൂപത ആരോപിച്ചു.

0

മാനന്തവാടി | വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തും. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല അജീഷിന്റെ വീട്ടിലാണ് ആദ്യമെത്തുക. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചർ പാക്കം സ്വദേശി പോളിന്റെ വീടും, കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാരേരികുന്ന് കോളനിയിലെ ശരത്തിന്റെ വീടും ​ഗവർണർ സന്ദർശിക്കും.

വാച്ചർ പോളിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇടത് സർക്കാരിനെതിരെ താമരശേരി രൂപത ഇന്നലെ രം​ഗത്തെത്തിയിരുന്നു. കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നതെന്ന് താമരശേരി രൂപത ആരോപിച്ചു.വന്യമൃഗശല്യം തടയാൻ പദ്ധതികൾ സമയോചിതമായി നടപ്പിലാക്കുന്നില്ല. വനം വകുപ്പിൻ്റെയും ഭരണകൂടത്തിൻ്റെയും അനാസ്ഥയും നിഷ്ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങൾക്ക് കാരണം. നാളെ സർക്കാർ അവഗണനക്കെതിരെ രൂപതയിലെ ഇടവകകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും താമരശേരി രൂപത അധികൃതർ വ്യക്തമാക്കി.

വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ കേൾക്കുന്നില്ലെന്നും വാച്ചർ പോളിന്റെ മരണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു. എയർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. സാധാരണ മനുഷ്യന്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. പ്രതിഷേധങ്ങൾക്ക് യാതൊരു വിലയും സർക്കാർ നൽകുന്നില്ലെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

You might also like

-