ഗൂഗിൾ മാപ്പ് ചതിച്ചു; കോട്ടയത്ത് കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി ഉപയോഗശൂന്യമായി
മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലേക്കുള്ള വഴിമധ്യേയായിരുന്നു വിദ്യാര്‍ത്ഥികള്‍. പരിചയമില്ലാത്ത നാട് ആയതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. പക്ഷെ പണി പാളി!. വലിയ വളവ് തിരിഞ്ഞു വരുന്നതിനിടയില്‍ നേരെ പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വണ്ടി വളച്ചെടുക്കുമ്പോഴാണ് തോട്ടിലേക്ക് വീണതെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.
കോട്ടയം: ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ കാര്‍ തോട്ടില്‍ വീണ വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. നാല് പേരും രക്ഷപ്പെട്ടെങ്കിലും, കാർ ഉപയോഗശൂന്യമായ നിലയിലാണ്. പ്രദേശത്ത് ഇത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഗുഗിള്‍ മാപ്പ് നോക്കി വഴിതിരയുന്നവര്‍ക്കാണ് അബദ്ധം പിണയുന്നത്.
മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലേക്കുള്ള വഴിമധ്യേയായിരുന്നു വിദ്യാര്‍ത്ഥികള്‍. പരിചയമില്ലാത്ത നാട് ആയതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. പക്ഷെ പണി പാളി!. വലിയ വളവ് തിരിഞ്ഞു വരുന്നതിനിടയില്‍ നേരെ പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വണ്ടി വളച്ചെടുക്കുമ്പോഴാണ് തോട്ടിലേക്ക് വീണതെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നതിനാല്‍ റോഡിലെ വെള്ളക്കെട്ട് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആഴത്തിലേക്ക് പോയ കാര്‍ പൂര്‍ണമായി മുങ്ങുകയായിരുന്നു.
ആദ്യം ഒന്ന് അങ്കലാപ്പിലായെങ്കിലും നാലുപേരും കാറിന്റെ ഡോര്‍ തുറന്ന് നീന്തി കരയില്‍ കയറിയതിനാലാണ് വലിയ അപകടം ഒഴിവായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. അതിനാല്‍ തന്നെ പ്രദേശത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. ബഹളം കേട്ടും അപകടമറിഞ്ഞുമാണ് സംഭവസ്ഥലത്ത് നാട്ടുകാര്‍ എത്തിയത്. നാട്ടുകാര്‍ വാഹനം കരയ്ക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുക്കം പൊലീസും ഫയര്‍ഫോഴ്‌സും ക്രെയിന്‍ എത്തിച്ചാണ് വാഹനം വലിച്ചു കരയ്ക്ക് കയറ്റിയത്.