ചേലക്കരയിൽ മികച്ച പോളിംഗ് , വയനാട്ടിൽ പോളിംഗ് കുറഞ്ഞു
ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം
കല്‍പറ്റ,ചേലക്കര | ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് പൂർത്തിയായി മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വയനാട്ടിൽ പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു.വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ കുറവ് വന്നിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ മാനന്തവാടിയില്‍ 62.61 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി-61.48, കല്‍പറ്റ-64.24, തിരുവമ്പാടി-65.46, ഏറനാട്-68.12, നിലമ്പൂര്‍-60.98, വണ്ടൂര്‍-63.38 ശതമാനം പോളിങും രേഖപ്പെടുത്തി. ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടിയില്‍ ആകെ പോള്‍ ചെയ്തത് 720 വോട്ടുകള്‍ മാത്രമാണ്. മേപ്പാടിയില്‍ 1168 പേര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇവരില്‍ 112 പേർ ഉരുള്‍പൊട്ടലില്‍ മരിച്ചവരോ കാണാതായവരോ ആണ്.
ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.
മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം.
ചേലക്കരയിലെ. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നിട്ട് . 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്.
വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എന്‍ഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.