‘നല്ല ഭക്ഷണം നാടിന്റെ അവകാശം’   ഷവർമ്മ സെന്ററുകൾ അടച്ചു പൂട്ടിച്ചു 

കാസർ​ഗോഡ് ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്.

0

തിരുവനന്തപുരം| ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കാസർ​ഗോഡ് ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുമ്പ് കാസർ​ഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. അതിന് ശേഷം പരിശോധന കർശനമാക്കിയതിന്റെ ഭാ​ഗമായാണ് വൃത്തിയില്ലാത്ത സെന്ററുകൾ പൂട്ടിക്കുന്നത്.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രം​ഗത്തെത്തിയിരുന്നു. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You might also like

-