“ഗോളി മാരോ …” കൊലവിളിയുമായി അമിത്ഷായുടെ റാലി

“ഗോളി മാരോ …” (രാജ്യദ്രോഹികളെ വെടിവയ്ക്കുക) മുദ്രാവാക്യം ഉയർത്തി.പാർട്ടി പതാകകൾ വഹിച്ച സംഘം കൊൽക്കത്തയിലെ ഷാഹിദ് മിനാർ മൈതാനത്തേക്കുള്ള യാത്രാമധ്യേ മുദ്രാവാക്യം മുഴക്കുന്നതയാണ് കേട്ടത്

0

കൊൽക്കൊത്ത :ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ബിജെപി പ്രവർത്തകരിൽ ഒരു വിഭാഗം “ഗോളി മാരോ …” (രാജ്യദ്രോഹികളെ വെടിവയ്ക്കുക) മുദ്രാവാക്യം ഉയർത്തി.പാർട്ടി പതാകകൾ വഹിച്ച സംഘം കൊൽക്കത്തയിലെ ഷാഹിദ് മിനാർ മൈതാനത്തേക്കുള്ള യാത്രാമധ്യേ മുദ്രാവാക്യം മുഴക്കുന്നതയാണ് കേട്ടത്. മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ അമിത് ഷാ ബി.ജെ.പിയുടെ പ്രചാരണങ്ങളുടെ ഭാഗമായി ഒരു ദിവസത്തെ കൊൽക്കത്ത സന്ദർശനത്തിലാണ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി റാലിക്കിടെയും പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്ക് അനുകൂലമായി പ്രതിഷേധിക്കുന്നതിനിടെയും ഇത്തരം മുദ്രാവാക്യങ്ങൾ വിളിച്ചത്തു ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കലാപത്തിന് കാരണമായി എന്ന ആരോപണം നിലനിക്കെയാണ് കൊൽക്കത്തയിലെ കൊലവിളി.അതേസമയം പൗരത്വ നിയമഭേദഗതിയെ തടയാൻ പ്രതിഷേധങ്ങൾക്കാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള മുന്നറിയിപ്പെന്ന നിലയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കവേയാണ് ഷാ നിലപാട് വ്യക്തമാക്കിയത്.

‘സിഎഎ നടപ്പാക്കുന്നതു തടയാൻ യാതൊരു പ്രതിഷേധത്തിനും കഴിയില്ല. നിങ്ങൾ എന്തിനാണ് അഭയാർഥികളുടെ താൽപര്യങ്ങളെ വ്രണപ്പെടുത്തുന്നത് എന്ന് ഞാൻ മമതയോട് ചോദിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ മാത്രമേ നിങ്ങൾ ശ്രദ്ധിക്കുന്നുള്ളൂ. അഭയാർഥികളെ നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ്. പീഡനത്തിനിരയായി അയൽരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കൾക്ക് പൗരത്വം ലഭിക്കേണ്ടതല്ലേ?’– അമിത്‍ ഷാ ചോദിച്ചു.

ബിജെപിക്ക് അഞ്ച് വർഷം നൽകിയാൽ സുവർണ ബംഗാളാക്കി മാറ്റുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിനെ സുവർണ ബംഗാളാക്കാൻ മമതാ ബാനർജിക്ക് കഴിയില്ല. നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ പശ്ചിമ ബംഗാളിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. കർഷകർക്കുള്ള ധനസഹായം വിതരണം ചെയ്യാൻ പോലും മമത സമ്മതിക്കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.

നാൽപതിനായിരം രൂപയുടെ കടക്കാരനായാണ് ഓരോ കുഞ്ഞും ബംഗാളിൽ ജനിച്ചു വീഴുന്നത്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ മമതാ ബാനർജി ഭീതി വളർത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.ബിജെപി റാലിയിൽ പലയിടത്തും ഗോലി മാരോ മുദ്രാവാക്യമുയർന്നു. അമിത് ഷായുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ കരിങ്കൊടിയേന്തി മാർച്ച് നടത്തി.

You might also like

-