കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച;ആറുകോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണം കവർന്നു
ബൈക്കിലെത്തിയ സംഘമാണ് സ്വര്‍ണം കവര്‍ന്നത്. വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച.കാറിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വർണം കവർന്ന് കടന്നത്
കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഇടയാറിലെ സിആര്‍ജെ മെറ്റലേഴ്‌സ് എന്ന സ്വര്‍ണ്ണ കമ്പനിയിലേക്ക് വാഹനത്തില്‍ കൊണ്ട് വന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ സംഘമാണ് സ്വര്‍ണം കവര്‍ന്നത്. വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച.അർദ്ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണമാണ് കവർന്നത്. കാറിന്റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആർജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കമ്പനിയുടെ മുന്നിൽ വെച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്വർണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു