സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു ഇരുവരൂ ക്വാറന്റൈന്‍ സെന്ററിൽ

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം

0

കൊച്ചി :സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം വരുന്നത് വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി .

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.
എൻഐഎയുടെ അടുത്ത ലക്ഷ്യം കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ കേരളത്തിലെത്തിക്കുക എന്നതാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഫാസിൽ ഫരീദ്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസിൽ ഫരീദിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഫാസിൽ .ദുബായ് ഖിസൈസിൽ ജിംനേഷ്യം നടത്തിപ്പുകാരനാണ് ഫാസിൽ. നിരവധി ആഡംബര വാഹനങ്ങളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. റാഷിദിയ്യയിൽ കുടുംബത്തോടൊപ്പമാണ് താമസം.

തിരുവനന്തപുരത്തേക്ക് സ്വർണം അയച്ചത് ഫാസിലാണെന്ന് നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവർ ഇടനിലക്കാർ മാത്രമാണ്. ഇവർ മൂന്ന് പേരും പിടിയിലായതിന് പിന്നാലെ കേസിലെ മറ്റൊരു പ്രധാനപ്രതിയെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. സ്വർണക്കടത്തിൽ സാമ്പത്തിക നിക്ഷേപം നടത്തിയ റമീസ് കേസിലെ പ്രധാനകണ്ണിയാണ്.

You might also like

-