സ്വർണ കള്ളക്കടത്ത് സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ കൂടി പങ്കാളിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നിന്നും ലഭിച്ച പണമാണ് ലോക്കറില്‍ നിന്നും കണ്ടെത്തിയതെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.

0

കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസിൻറെ കസ്റ്റഡിയിലാണ് പ്രതികൾ ഉള്ളത്. രാവിലെ 11 മണിയോടെ പ്രതികളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എൻഐഎ യും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിൻറെയും ചാർട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ശിവശങ്കർ നിർദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്നയുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻറ് എൻഐഎയ്ക്ക് മൊഴി നൽകി.

തിരുവനന്തപുരം നഗരത്തിലെ രണ്ടു ബാങ്ക് ലോക്കറുകളിൽ നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വർണവും എൻ ഐ എ കണ്ടെത്തിയിരുന്നു. സ്വപ്നയുടെയും നഗരത്തിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകൾ. തുടർന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് മൊഴിയെടുത്തത്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കർ തുറന്നതെന്നാണ് ഇദ്ദേഹം എൻഐഎയ്ക്കു നൽകിയ വിശദീകരണം.യുഎഇ കോണ്‍സുലേറ്റ് ജനറല്‍ കൂടി പങ്കാളിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നിന്നും ലഭിച്ച പണമാണ് ലോക്കറില്‍ നിന്നും കണ്ടെത്തിയതെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.

You might also like

-