പൊതു തിരഞ്ഞെടുപ്പ്: അന്തിമവോട്ടർ പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കും   അപേക്ഷിച്ചത് ആറുലക്ഷത്തോളം പേർ

നവംബർ 16ന് ശേഷവും നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. 1,10,000 ഓളം അപേക്ഷകൾ ഇത്തരത്തിൽ ഉള്ളതായാണ് കണക്കുകൾ. ഇവ എത്രയും വേഗം സമയബന്ധിതമായി തീർപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി

0

പൊതു തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമവോട്ടർ പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയം അനുവദിച്ചിരുന്ന നവംബർ 16 വരെ ആറുലക്ഷത്തോളം പേരാണ് അപേക്ഷ സമർപ്പിച്ചത്. ഇവരിൽ 4,74,787 പേർ യുവാക്കളാണ്. 77,000 എൻ.ആർ.ഐമാർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്.

ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയകക്ഷികളുടെ സജീവസഹകരണത്തോടെ ഇവയുടെ ബൂത്ത്തല വെരിഫിക്കേഷൻ പ്രക്രിയ ഡിസംബർ 25 ഓടെ പൂർത്തിയാക്കിയിരുന്നു. വിവിധ ജില്ലകളിൽനിന്ന് ക്രോഡീകരിച്ച പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കമ്മീഷന്റെ അംഗീകാരം ലഭിച്ചാൽ ജനുവരി 15 ഓടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകളായിട്ടുണ്ട്.

നവംബർ 16ന് ശേഷവും നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. 1,10,000 ഓളം അപേക്ഷകൾ ഇത്തരത്തിൽ ഉള്ളതായാണ് കണക്കുകൾ. ഇവ എത്രയും വേഗം സമയബന്ധിതമായി തീർപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഇതിനായി ബി.എൽ.ഒമാരെ സഹായിക്കാൻ ബൂത്ത് ലെവൽ അസിസ്റ്റൻറ്‌സിനെ നിയോഗിക്കാൻ രാഷ്ട്രീയകക്ഷികളോട് അഭ്യർഥിച്ചിട്ടുണ്ട്.

ഈ അപേക്ഷകൾ തീർപ്പാക്കിയാൽ പിന്നീട് അനുബന്ധപട്ടികയായി പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ച അർഹരായ എല്ലാവർക്കും അതിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉള്ളവർ അതത് കളക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന ജില്ലാതല വോട്ടർ സഹായ ഡെസ്‌കുകളിൽ ബന്ധപ്പെടണം. താലൂക്ക് ഓഫീസുകളിലും വോട്ടർമാർക്ക് സഹായത്തിന് പ്രത്യേക ഡെസ്‌കുണ്ട്. കൂടാതെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ 1950 എന്ന നമ്പരിൽ സംസ്ഥാനതല ടോൾ ഫ്രീ കോൾ സെന്റർ പ്രവർത്തിക്കുന്നു.

You might also like

-