ഗീതാഞ്ജലി റാവു -ടൈം മാഗസിൻ “കിഡ് ഓഫ് ദി ഇയർ”
ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ് ദ ഇയർ ആയി 5,000 ത്തിലധികം നോമിനികളിൽ നിന്നാണ് റാവുവിനെ തിരഞ്ഞെടുത്തത്
ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യൻ-അമേരിക്കൻ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിൻ ഈ വർഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ് ദ ഇയർ ആയി 5,000 ത്തിലധികം നോമിനികളിൽ നിന്നാണ് റാവുവിനെ തിരഞ്ഞെടുത്തത്.
മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിങിന് വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഗീതാഞ്ജലിക്ക് കിഡ് ഓഫ് ദി ഇയർ പുരസ്ക്കാരം ലഭിച്ചത്. അമേരിക്കയിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്.
“രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോൾ, സാമൂഹ്യമാറ്റം സൃഷ്ടിക്കാൻ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചു തുടങ്ങി. ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച്ച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോൾ തനിക്ക് 10 വയസ്സായിരുന്നു” ഗീതാഞ്ജലി പറഞ്ഞു.
‘നമ്മള്‍ ഇപ്പോള്‍ കോവിഡ് മഹാമാരിയെ നേരിടുകയാണ്. അതേസമയത്ത് തന്നെ മനുഷ്യാവകാശ പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുംനമുക്കിടയിലുള്ള പ്രശ്നങ്ങളാണ്. അതിനു നമ്മൾ പരിഹാരം കാണണം. എന്നാല്‍ ഇവയെല്ലാം പരിഹരിക്കാനുള്ള വമ്പന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നല്ല. ചപ്പുചവറുകള്‍ എടുത്തുകളയാനുള്ള ഒരു എളുപ്പമാര്‍ഗം വേണമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് കണ്ടെത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എത്ര ചെറിയ കാര്യമാണെങ്കിലും അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.’ ഗീതാഞ്ജലി കൂട്ടിച്ചേർത്തു.