വാക്കിലും പ്രവര്‍ത്തിയിലും മാതൃകയുള്ളവരായിരിക്കണം സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍: ഗീത ജോജി

ലോക സണ്‍ഡേസ്‌കൂള്‍ ദിനാചരണത്തോടനുബന്ധിച്ചു ഒക്ടോബര്‍ 27 ഞായറാഴ്ച ഡാലസ് സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ശുശ്രൂഷ മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു

0

ഡാലസ്: വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ മാതൃകയുള്ളവരും ജീവിതത്തില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചവരുമായിരിക്കണം സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെന്ന് 2019 ലെ കേരള ഗവണ്‍മെന്റ് ഗുരു ശ്രേഷ്ഠാ ടീച്ചിങ്ങ് എക്‌സലന്‍സി അവാര്‍ഡ് ജേതാവും തിരുവല്ല സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂള്‍ പ്രധാന അധ്യാപികയും ചെങ്ങന്നൂര്‍ മര്‍ത്തോമാ സെന്റര്‍ സണ്‍ഡേ സ്‌കൂള്‍ മുന്‍ ഇന്‍സ്‌പെക്ടറുമായ ഗീതാ ജോജി ഉദ്‌ബോധിപ്പിച്ചു.
ലോക സണ്‍ഡേസ്‌കൂള്‍ ദിനാചരണത്തോടനുബന്ധിച്ചു ഒക്ടോബര്‍ 27 ഞായറാഴ്ച ഡാലസ് സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ശുശ്രൂഷ മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഹ്രസ്വ സന്ദര്‍ശനത്തിന് ഡാലസില്‍ എത്തിചേര്‍ന്ന ഗീതാ ജോജി.
ക്രിസ്തീയ വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി ഭാവിതലമുറയെ വളര്‍ത്തിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ഓരോ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരിലും നിക്ഷിപ്തമായിരിക്കേണ്ടതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.
നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നടത്തിയ സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ നേഹ അനിഷ് തോമസ് ആമുഖ പ്രസംഗം നടത്തി. സണ്‍ഡേ സ്‌കൂള്‍ ദിനാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ ശുശ്രൂഷകള്‍ക്ക് സോജി സ്‌ക്കറിയാ, ജെറിന്‍, ജെയ്ക്കബ്, ജോതം സൈമണ്‍, പ്രിയ അബ്രഹാം, സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട് ജോളി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചന്‍) വിശിഷ്ഠാതിഥികളായി എത്തിച്ചേര്‍ന്നവരുള്‍പ്പെടെ എല്ലാവരേയും സ്വാഗതം ചെയ്തു. ഇടവക സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു.

You might also like

-