ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി: അന്വേഷണം സംഘം സഭ വിട്ടവരുടെ മൊഴിയെടുക്കും
കേസിലെ സുപ്രധാന തെളിവായ മൊബൈൽഫോൺ കണ്ടെത്താനാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈൽ എവിടെ പോയി എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു മൊഴി നല്കാന്‍ കന്യാസ്ത്രീക്കു് സാധിച്ചിട്ടില്ല.
കോട്ടയം :.ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ സഭ വിട്ടവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഫോർമേറ്റർമാരും കന്യാസ്ത്രീകളും അടക്കം 18 പേരാണ് സഭ വിട്ടത്. ഇവരിൽ പലരും കേസിൽ നിർണ്ണായക സാക്ഷി ആകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കന്യാസ്ത്രീ നൽകിയ പരാതിയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ പരാതി പറഞ്ഞിട്ടുള്ളവരുടെ മൊഴി എടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ബിഷപ്പ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് 18 പേരാണ് സഭ വിട്ടത്. ഇതിൽ കന്യാസ്ത്രീമാരും ഫോർമേറ്റർമാരും ഉൾപ്പെടും. ഇവരെയെല്ലാം കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിൽ രണ്ട് കന്യാസ്ത്രീകൾ കേസിലെ നിർണായക സാക്ഷികളാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പീഡനം നടക്കുമ്പോൾ ഇവരും കുറവിലങ്ങാട്ടെ മഠത്തിൽ ഉണ്ടായിരുന്നു. കന്യാസ്ത്രീ പറയുന്ന കാര്യങ്ങൾ ഇവരും ശരിവെച്ചാൽ അത് ബിഷപ്പിന് തിരിച്ചടിയാകും.
ഇതോടൊപ്പം കേസിലെ സുപ്രധാന തെളിവായ മൊബൈൽഫോൺ കണ്ടെത്താനാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈൽ എവിടെ പോയി എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു മൊഴി നല്കാന്‍ കന്യാസ്ത്രീക്കു് സാധിച്ചിട്ടില്ല. ഇതും പരാതിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്.അതേസമയം കർദ്ദിനാളിന്റെ മൊഴി അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. പരാതി ലഭിച്ചിട്ടും അത് നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ തയ്യാറാകാതിരുന്നതിനും കർദ്ദിനാൾ മറുപടി നല്‍കേണ്ടി വരും