ഫ്രാങ്കോ മുളക്കൽ പോലീസ് ക്ലബിൽ
നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം.
കോട്ടയം :കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനാണു നീക്കം. ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടുമെന്നാണു സൂചന.
കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനക്കൂട്ടം സ്വീകരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്റേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.