പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ബിഷപ് ഫ്രാങ്കോ സുപ്രിം കോടതിയിൽ
തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പടിവിക്കരുത് എന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും ഫ്രാങ്കോ മുളക്കലിന്റെ ഹർജിയ്‌ക്കെതിരെ തടസ ഹർജി നൽകിയിട്ടുണ്ട്
ഡൽഹി :കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ പറയുന്നു . സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ കേരളത്തിൽ നടക്കുന്ന വിചാരണ നിർത്തി വയ്ക്കണമെന്നും ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടു. അതേ സമയം ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജിയ്‌ക്കെതിരെ കന്യാസ്ത്രീയും സംസ്ഥാന സർക്കാരും തടസ്സഹർജി ഫയൽ ചെയ്തു.
വിചാരണ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പീഡന പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീ നടത്തിയ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ വ്യക്തി വിദ്വേഷമാണ് പരാതിക്ക് ആധാരം.പീഡനം നടന്നതിനെക്കുറിച്ചു കന്യാസ്‌ത്രീ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ സമാനമായ ഹർജി ഫ്രാങ്കോ മുളയ്ക്കൽ ഹൈകോടതിയ്ക്ക് നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പടിവിക്കരുത് എന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും ഫ്രാങ്കോ മുളക്കലിന്റെ ഹർജിയ്‌ക്കെതിരെ തടസ ഹർജി നൽകിയിട്ടുണ്ട്.