മരണത്തിലും ഇടുക്കി മുൻ ബിഷപ്പിനെ അധിക്ഷേപിച്ച വർക്കതിരെ വൈദികന്റെ ഫേസ് ബുക്ക് പോസ്റ്റ്”അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച ഒരു രാഷ്ട്രീയ നേതാക്കൻമാരുംഅങ്ങയുടെ വിടവാങ്ങൽ യാത്രയിൽ മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ”.
അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച ഒരു രാഷ്ട്രീയ നേതാക്കൻമാരുംഅങ്ങയുടെ വിടവാങ്ങൽ യാത്രയിൽ മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ... വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. ............പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല.....
ഇടുക്കി : അന്തരിച്ച ഇടുക്കി മുൻ രൂപത ബിഷപ്പ് മാർ മാത്യു അനിക്കുഴികാട്ടിലിനെ മരണശേഷവും അധിക്ഷേപിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപതയിലെ വൈദികൻ രംഗത്ത്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി പള്ളിവികാരി ഫാ. ജോസഫ് പൗവ്വത്ത്ണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ബിഷപ്പിനെ മരണ ശേഷവും അവഹേളിച്ചവർക്കെതിരെ രംഗത്തുവന്നിട്ടുള്ളത്
“രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാൻ, സഹോദരനെ സഹോദരനായി കാണാൻ അങ്ങ് പഠിപ്പിച്ചു.പിതാവേ മാപ്പ്……
അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ രാഷ്ട്രീയ തിമിരം ബാധിച്ച അന്ധകാര ശക്തികൾക്കു വേണ്ടി…… ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു. മരണശേഷവും രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു“.എന്ന് പറയുന്ന വൈദികന്റെ പോസ്റ്റ് ഇപ്പോൾ വിശ്വസ്ത സമൂഹം ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചു കൊണ്ടിരിക്കുകയാണ്
ഫാ : ജോസഫ് പൗവ്വ്ത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ കാനാൻ ദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.അശാന്തിയുടെ പോർക്കളത്തിന് നടുവിൽ തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ തനിയെ യാത്രയാവുന്നു.ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദിക ശ്രേഷ്ഠൻ.സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും പുത്തൻ ശീലുകൾ പകർന്നു നൽകി ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ ഈ പുതു തലമുറക്ക് നന്മയുടെ ജീവിത ശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ മരണ രഥത്തിൽ ഇപ്പോൾ തനിച്ച് യാത്രയാവുന്നു.
1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ സഹായി ആയി എന്നെ നിയോഗിച്ചു. അഭിവന്ദ്യ പിതാവിന്റെ ആദ്യത്തെ റീജൻസിക്കാരൻ എന്ന നിലയിൽ എന്നോട് പ്രത്യേക പരിഗണന കാട്ടി. ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും എന്നെ ഏറെ സ്വാധീനിച്ചു.2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും തുടർന്നും പിതാവിന്റെ സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.ആരോടും പകയില്ലാതെ ഉള്ള കാര്യങ്ങൾ വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു. തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ് ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.
അഭിവന്ദ്യ പിതാവേ അങ്ങ്ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.അങ്ങയുടെ വാക്കുകൾ രാഷ്ട്രീയ കോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല നാടിന്റെ നന്മയാണ് ആവശ്യമെന്ന് അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി. രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാൻ, സഹോദരനെ സഹോദരനായി കാണാൻ അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……
അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ രാഷ്ട്രീയ തിമിരം ബാധിച്ച അന്ധകാര ശക്തികൾക്കു വേണ്ടി…… ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു. മരണശേഷവും രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം. കർഷകർക്കു വേണ്ടി അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരു വശത്ത്. മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ. ഒരു കാര്യം സത്യമാണ്. ഈ കിട്ടിയ മൃഗീയ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ ആളുകൾ അങ്ങയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കന്ന കാലം സമീപത്തുണ്ട്. അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയ കളികൾക്ക് നേതൃത്വം നൽകുന്ന ഭരണപക്ഷം മറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക് ആ അവകാശം നിഷേധിക്കപ്പെട്ടു. ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.മരിച്ചവരെ കാണരുത് എന്ന് ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ. അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് അരമനകയറി നിരങ്ങിയ ഒരു ജന പ്രതിനിധിക്കും നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു. അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ ഈ ജനപ്രതിനിധികൾ ഇടിച്ചു കയറുമ്പോൾ അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.
പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു. അങ്ങ് സമാധാനത്തോടെ പോവുക. അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച ഒരു രാഷ്ട്രീയ നേതാക്കൻമാരുംഅങ്ങയുടെ വിടവാങ്ങൽ യാത്രയിൽ മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ… വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..
ഫാ. ജോസഫ് പൗവ്വത്ത്.