ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവുൾപ്പടെ നാലുപേർ അറസ്റ്റിൽ
മലമ്പുഴ ചേമ്പന സ്വദേശി ജിനേഷ്, കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർത്ഥ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.ബിജെപി ചേമ്പന ബൂത്ത് ഭാരവാഹിയാണ് അറസ്റ്റിലായ ജിനേഷ്. ആവാസും ബി ജെ പി പ്രവർത്തകനാണ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ മുഖ്യപ്രതികൾക്ക് ആയുധം നൽകിയതിനും ഒളിവിൽ കഴിയാൻ സഹായം നൽകിയതിനുമാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്
പാലക്കാട്| സിപിഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവുൾപ്പടെ നാലുപേർ അറസ്റ്റിൽ. മലമ്പുഴ ചേമ്പന സ്വദേശി ജിനേഷ്, കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർത്ഥ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.ബിജെപി ചേമ്പന ബൂത്ത് ഭാരവാഹിയാണ് അറസ്റ്റിലായ ജിനേഷ്. ആവാസും ബി ജെ പി പ്രവർത്തകനാണ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ മുഖ്യപ്രതികൾക്ക് ആയുധം നൽകിയതിനും ഒളിവിൽ കഴിയാൻ സഹായം നൽകിയതിനുമാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പിടിയിലായ ആവാസിനെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ പുഷ്പ പാലക്കാട് കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചെങ്കിലും കണ്ടെത്താനായില്ല.
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ബിജെപി അനുഭാവികളെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം അറസ്റ്റിലായ നവീൻ, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷയിലാണ് പ്രതികൾ ബിജെപി അനുഭാവികളാണെന്ന് വ്യക്തമാക്കിയത്. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണന്നും കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു.പ്രതികളായ എട്ടു പേരും ബിജെപി അനുഭാവികളാണെന്നാണ് പൊലീസ് പറയുന്നത്. സിപിഎം സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികൾ ബിജെപി അനുഭാവിയാണെന്ന് പൊലീസ് പറയുന്നതെന്ന് ബിജെപി ആരോപിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ നാലു പേരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ അറസ്റ്റിലായ ശിവരാജൻ, വിഷ്‌ണു, സുനീഷ്, സതീഷ് എന്നിവർ റിമാൻ്റിലാണ്.