ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന പ്രതികളുമായി പോലീസ് നാല്പത്തി അഞ്ചു മിനിറ്റ് ഏറ്റുമുട്ടി

രാവിലെ 5.45ന് തുടങ്ങിയ എൻകൗണ്ടർ 6.30വരെ നീണ്ടുനിന്നതായാണു പൊലീസ് നൽകുന്ന വിവരം

0

ഹൈദരാബാദ്∙ തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു പ്രതികൾ പൊലീസിനെതിരെ ആക്രമണം നടത്തിയത്. രാവിലെ 5.45ന് തുടങ്ങിയ എൻകൗണ്ടർ 6.30വരെ നീണ്ടുനിന്നതായാണു പൊലീസ് നൽകുന്ന വിവരം.
നിയമം കടമ ചെയ്തെന്ന് പൊലീസ്; വെടിയേറ്റ പ്രതിയുടെ കൈയില്‍
മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ‘പുനരാവിഷ്കരണത്തിന്’ വെള്ളിയാഴ്ച പുലർച്ചെയാണു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്.

നാലു പ്രതികളും ചേർന്ന് കല്ല്, വടികൾ എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ‌നിന്ന് ആയുധങ്ങളും പ്രതികൾ പിടിച്ചെടുത്തു. കേസിലെ പ്രതിയായ മുഹമ്മദ് ആരിഫ് ആണ് ആദ്യം പൊലീസിനു നേരെ വെടിവച്ചത്.
തുടർന്നു പൊലീസ് കീഴടങ്ങുന്നതിനായി പ്രതികൾക്കു താക്കീത് നൽകി. എന്നാൽ പ്രതികൾ ഇതിനു വഴങ്ങില്ലെന്നു കണ്ടതോടെ പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നു. ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കമെന്നാണു തെലങ്കാന പൊലീസ് പറയുന്നത്. ഇതിനായുള്ള ശ്രമത്തിനിടെ നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു. എൻകൗണ്ടറിനിടെ പരുക്കേറ്റ 2 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ഇവരുടെ പരുക്ക് വെടിയേറ്റുണ്ടായതല്ലെന്നും പൊലീസ് പ്രതികരിച്ചു.

സംഭവ സ്ഥലത്ത് പ്രതികളോടൊപ്പം 10 പൊലീസ് ഉദ്യോഗസ്ഥരാ‌ണ് ഉണ്ടായിരുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊബൈൽ ഫോണും പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് 2 ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ 29നാണ് മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.
നിയമം അതിന്റെ കടമ ചെയ്തെന്നായിരുന്നു സംഭവത്തിനു ശേഷം തെലങ്കാന പൊലീസ് പ്രതികരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സൈബരാബാദ് പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാർ വാർത്താ സമ്മേളനം നടത്തി പൊലീസിന്റെ നിലപാടു വ്യക്തമാക്കി. മരിച്ച യുവതിയുടെ ഫോൺ കണ്ടെടുക്കാനാണു പ്രദേശത്തെത്തിയതെന്നും സജ്ജനാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You might also like

-