കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുതെന്ന കേസ് വിധി നിർഭാഗ്യകരമെന്ന് കോട്ടയം മുൻ എസ്പി ഹരിശങ്കർ

പ്രതിക്ക് നൂറ് ശതമാനവും ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ അത്ഭുതപ്പെടുത്തിയ കേസാണിത്

0

കോട്ടയം | കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ വിധി നിർഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുൻ എസ്.പി ഹരിശങ്കർ. തീർച്ചയായും അപ്പീൽ പോകുമെന്നും സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രതിക്ക് നൂറ് ശതമാനവും ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ അത്ഭുതപ്പെടുത്തിയ കേസാണിത്. 2014 മുതൽ 2016 വരെ പീഡിപ്പിക്കപ്പെട്ട സ്ത്രീ 2018ലാണ് പരാതിയുമായി എത്തിയത്. ഇങ്ങനെ ഒരു അതിക്രമം നേരിട്ട കന്യാസ്ത്രീയുടെ നിലനിൽപ്പ് പീഡിപ്പിക്കുന്ന ആളെ ആശ്രയിച്ചാണ് നിൽക്കുന്നത്. അങ്ങനെയുള്ളപ്പോൾ, അവർ വൈകിയാണ് പരാതിയുമായി എത്തിയത് എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. അവർ നേരത്തെ പ്രതികരണത്തിലേയ്‌ക്ക് എത്തിയിരുന്നുവെങ്കിൽ അവരുട ജീവൻ തന്നെ അപകടത്തിയിലാകുമായിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കുടുംബം വരെ അപകടത്തിൽപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ രണ്ട് വർഷം അവർ മാസിക പിരിമുറുക്കം നേരിട്ടിരുന്നു. ഒടുവിൽ ഏറെ സമ്മർദ്ദങ്ങൾ നേരിട്ടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന് ശേഷമാണ് വലിയ പ്രതിഷേധ പ്രകടനങ്ങൾ ഉയർന്നതും പരാതി നൽകുന്നതും. ഇങ്ങനെ ഒരു വിധി വരുമ്പോൾ, ആ കന്യാസ്ത്രീ സമൂഹത്തിൽ ഒറ്റപ്പെടുകയാണ്’ ഹരിശങ്കർ അഭിപ്രായപ്പെട്ടു.

കേസിലെ എല്ലാ സാക്ഷികളും സാധാരണക്കാരാണ്. പലരും ഈ സംവിധാനത്തിന് അകത്ത് തന്നെയുള്ളവരാണ്. സാക്ഷികൾ ആരും തന്നെ മൊഴി മാറ്റിയിട്ടില്ല. എല്ലാവരും ഉറച്ച് നിന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ കേസിന്. ധാരാളം മെഡിക്കൽ തെളിവുകൾ സഹിതം ലഭിച്ച കേസും കൂടിയാണിത്. വളരെ അസാധാരണമായ ഒരു വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ബലാത്സംഗ കേസിൽ ഇരയുടെ മൊഴി തന്നെ പര്യാപ്തമായിരിക്കെ ഇത്രയധികം തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടും കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത് വളരെ അധികം ഞെട്ടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ പ്രത്യേകതകൾ നിറഞ്ഞ കേസ് ആയിരുന്നു ഇത്. കേസിലെ സാക്ഷിയെ അപായപ്പെടുത്താൻ സാധ്യതയുള്ളതിനാൽ അവരെ അന്വേഷണ സംഘം ഒളിച്ച് താമസിപ്പിച്ചു. ശേഷം അവരുടെ വീട്ടുകാർ മിസ്സിംഗ് കേസ് നൽകിയിരുന്നു.അന്വേഷണ സംഘം എല്ലാത്തരത്തിലുള്ള പിന്തുണയും കന്യാസ്ത്രീക്ക് നൽകിയിരുന്നു. ഇത്തരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കന്യാസ്ത്രീകളും, വൃദ്ധസദനങ്ങളിലും എല്ലാം ഉള്ള ആളുകൾ ഇത്തരത്തിൽ ചൂഷണത്തിന് ഇരയായി നിശബ്ദരായി ഇരിക്കാറുണ്ട്. അവർ എന്നും അങ്ങനെ തുടരണമെന്നും, പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ എപ്പോഴും കുറ്റവിമുക്തരാണെന്ന് തെളിയിക്കുന്ന വിധി കൂടിയാണിത്. ഒരിക്കലും ഈ വിധി അംഗീകരിക്കാനാവില്ല. അപ്പീൽ പോകുക തന്നെ ചെയ്യുമെന്നും ഹരിശങ്കർ അറിയിച്ചു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.

You might also like

-